കരുനാഗപ്പള്ളി: വയനാട് പാർലമെന്റ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് സംസ്ഥാന ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിക്കുകയും വാഹനം തകർക്കുകയും ചെയ്ത സംഭവത്തിൽ എൻ.ഡി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഇന്നലെ വൈകിട്ട് 6 മണിയോടെ വണ്ടൂരിൽ യു.ഡി.എഫ് പ്രവർത്തകർ തുഷാർ വെള്ളാപ്പള്ളി സഞ്ചരിച്ച വാഹന വ്യൂഹത്തെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണിത്. എൻ.ഡി.എ കരുനാഗപ്പള്ളി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധ യോഗം ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. എ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ നേതാക്കളായ കെ.സുശീലൻ, ക്ലാപ്പന സുധീഷ്, ലാൽജി പ്രസാദ്, കെ.ആർ.രാജേഷ് എന്നിവർ പ്രസംഗിച്ചു.