കൊട്ടാരക്കര: ഇടതുപക്ഷമാണ് മതേതര ഇന്ത്യയുടെ കാവലെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി പൂവറ്റൂരിൽ സംഘടിപ്പിച്ച കുളക്കട മേഖലാ ബഹുജന റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെ തണലിൽ ബി.ജെ.പി രാജ്യത്ത് വർഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിച്ചത്. അച്ചാദിൻ ആഗേയ എന്നു പറഞ്ഞ മോദി സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. അധികാരത്തിൽ തിരിച്ചുവരില്ലെന്ന് അറിഞ്ഞുകൊണ്ട് മോദി പൊതുഖജനാവ് ധൂർത്തടിക്കുകയായിരുന്നു. ബി.ജെ.പി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു.
മോദി അധികാരത്തിൽ നിന്ന് താഴെയിറക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്. രാജ്യത്ത് ദേശീയ മതേതര ബദൽ സാദ്ധ്യമാകും. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ദേശീയ ബദലിന്റെ ലക്ഷ്യത്തിനെതിരാണ്. ഇടതുപക്ഷത്തിന് മുഖ്യപങ്കുള്ള ദേശീയ ബദൽ അധികാരത്തിൽ വരുമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
പി.ടി. ഇന്ദുകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എ. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. പി.എ. എബ്രഹാം, വി. രവീന്ദ്രൻനായർ, കെ.എസ്. ഇന്ദുശേഖരൻനായർ, എ. മന്മഥൻനായർ, ആറ്റുവാശ്ശേരി അജി, എ. അജി, ആർ. രാജേഷ്, ജി. സരസ്വതി, പൂവറ്റൂർ സുരേന്ദ്രൻ, സുദർശനൻ, ജി. മാധവൻനായർ, എസ്. വിനോദ് കുമാർ, ടി. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.