ഓച്ചിറ: ഓച്ചിറ മുതൽ വലിയകുളങ്ങര വരെയുള്ള ദേശീയ പാതയുടെ ഇരുവശങ്ങളിലും വ്യാപക മാലിന്യ നിക്ഷേപം. വീടുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യം നിശ്ചിത ഫീസ് ഈടാക്കി ശേഖരിക്കുന്നതിനായി ഓച്ചിറ പഞ്ചായത്ത് അധികൃതർ ഹരിതസേനയെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഹരിതസേനയുടെ പ്രവർത്തനം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
അറവ് മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും ദേശീയ പാതയോരത്ത് നിക്ഷേപിക്കുന്നത് പതിവാണ്. ഇടറോഡുകളിൽ നിക്ഷേപിക്കുന്ന അറവ് മാലിന്യം നായ്ക്കൾ കടിച്ചുകീറി റോഡിലിടുന്നത് മൂലമുള്ള ദുർഗന്ധം അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. കച്ചവട സ്ഥാപനങ്ങൾ, കശാപ്പുശാലകൾ, കാറ്ററിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യാനായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ ഇവർ പാതയോരങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും കൺമുന്നിലെ മാലിന്യനിക്ഷേപം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും അറവുശാലകളും മാലിന്യസംസ്കരണത്തിന് സ്വന്തം സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം കാര്യക്ഷമമായി നടപ്പാക്കാൻ പഞ്ചായത്ത് അധികൃതർ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. 40 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകൾ വിൽക്കാൻ പാടില്ലെന്ന് നിയമമുണ്ടെങ്കിലും ഇത്തരം കവറുകളുടെ വില്പന വ്യാപകമായി നടക്കുന്നുണ്ട്.