by-pass
കടവൂർ ബൈപാസിൽ സിഗ്നൽ കാത്ത് കിടക്കുന്ന സ്വകാര്യ ബസ്

അഞ്ചാലുംമൂട്: കടവൂർ ബൈപ്പാസിലെ ട്രാഫിക്ക് സിഗ്നലുകൾ സ്വകാര്യ ബസുകൾക്ക് വിനയാകുന്നു. സിഗ്നൽ കാത്ത് കിടക്കുന്നത് മൂലം പല ബസുകളും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് സർവീസ് നടത്തുന്നതെന്നും പലപ്പോഴും സമയനിഷ്ഠ പാലിക്കാൻ കഴിയാറില്ലെന്നും സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു. ഇത്തരത്തിൽ താമസം നേരിടുന്നതിനാൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സമയക്രമത്തിന്റെ പേരിൽ തർക്കമുണ്ടാവുന്നത് പതിവാണ്. കടവൂർ ബൈപ്പാസിൽ ട്രാഫിക് സിഗ്നൽ വന്നതിനു ശേഷം സ്വകാര്യ ബസുകൾക്ക് പലപ്പോഴും സമയനിഷ്ഠ പാലിക്കാൻ കഴിയാത്തതിനാൽ പല ജംഗ്ഷനുകളിലും ബസ് നിറുത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും സാധിക്കാറില്ല. സിഗ്നൽ കാത്ത് കിടന്ന് നഷ്ടമാകുന്ന സമയം ഓടി നികത്താനായുള്ള ബസുകളുടെ അമിതവേഗത അപകടങ്ങളുണ്ടാകാനുള്ള സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. പെരുമണിൽ നിന്ന് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പെരുമണിലെ റെയിൽവേ ഗേറ്റ് അടവും കടവൂർ ബൈപ്പാസ് സിഗ്നലുകളും ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടവും തർക്കവും അഞ്ചാലുംമൂട് ഭാഗങ്ങളിൽ നിത്യസംഭവമാണെന്ന് പ്രദേശവാസികൾ പറയുന്നു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലം അഞ്ചാലുംമൂട്ടിലും പരിസര പ്രദേശങ്ങളിലും നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

ബ്ലോക്കിലും ട്രാഫിക് സിഗ്നലുകളിലും പെട്ട് സമയനഷ്ടം ഉണ്ടാകുന്നതു മൂലം സെക്കൻഡുകളുടെ വ്യത്യാസത്തിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത് പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണം.

സ്വകാര്യ ബസ് ജീവനക്കാർ