pathanapuram
ചിറ്റയം ഗോപകുമാറിന്റെ റോഡ് ഷോയും ജനമഹാസംഗമവും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളെയും ഇല്ലാതാക്കുന്ന കേന്ദ്രസർക്കാരിനെതിരെയാണ് ജനങ്ങൾ വിധിയെഴുതേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. മാവേലിക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ റോഡ് ഷോയും ജനമഹാസംഗമവും പത്തനാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും വർഗീയതയെ ചെറുക്കുന്നത് ഇടതുപക്ഷമാണ്. പ്രളയ സമയത്ത് കേന്ദ്രസർക്കാർ കേരളത്തെ സഹായിക്കാതിരുന്നപ്പോൾ മിണ്ടാതിരുന്നവരാണ് കോൺഗ്രസുകാർ. ഇടതുമുന്നണി ഒരിക്കലും കാഴ്ചക്കാരല്ല. 2004ലെ തിഞ്ഞെടുപ്പ് വിജയത്തിന് ശേഷം യു.പി.എ സർക്കാർ അധികാരത്തിലെത്തിയത് ഇടതുമുന്നണിയുടെ അംഗങ്ങൾ ഉള്ളതുകൊണ്ടായിരുന്നുവെന്നും കാനം പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി പത്തനാപുരത്ത് റോഡ്‌ ഷോ നടന്നു. മന്ത്രി കെ. രാജു, കെ.ബി. ഗണേശ്കുമാർ എം.എൽ.എ, ചിറ്റയം ഗോപകുമാർ, എസ്. വേണുഗോപാൽ, ആർ. സഹദേവൻ, ചെങ്ങറ സുരേന്ദ്രൻ, എച്ച്. രാജീവൻ, കെ. വാസുദേവൻ, മുഹമ്മദ് അസ്ലം, എം. മീരാപിള്ള, എം.ജിയാസുദ്ദീൻ എന്നിവർ പങ്കെടുത്തു. കല്ലുംകടവിൽ നിന്ന് ആരംഭിച്ച റോഡ്‌ഷോ മഞ്ചള്ളൂരിൽ സമാപിച്ചു.