കുളത്തൂപ്പുഴ: വേനൽമഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വാഴക്കൃഷി നശിച്ചത് കർഷകുടുംബത്തെ കണ്ണീരിലാഴ്ത്തി. കുളത്തൂപ്പുഴ കടമാൻകോട് മിനി ഭവനിൽ ലളിതയുടെ കൃഷിയിടത്തിലെ വാഴക്കൃഷിയാണ് കാറ്റിൽ നശിച്ചത്. വിളവെടുപ്പിനു പാകമായ ഇരുന്നൂറോളം ഏത്തവാഴകളാണ് നിലംപതിച്ചത്. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് ഇവർ കൃഷിയിറക്കിയിരുന്നത്. വേനൽ ചൂട് ശക്തമായിരുന്നിട്ടും പാടത്ത് കുളം കുത്തി കൃഷിസ്ഥലത്ത് മുടങ്ങാതെ ജലസേചനം നടത്തി ജൈവവളവും പ്രയോഗിച്ചിരുന്നതിനാൽ മികച്ച വിളവാണ് പ്രതീക്ഷിച്ചിരുന്നത്. ഈ സ്വപ്നമാണ് ഇപ്പോൾ തകിടംമറിഞ്ഞത്.
ഒന്നരലക്ഷത്തോളം നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്.