കൊല്ലം : കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിനെ കുറിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ എഴുതിയ ഫേസ്ബുക്ക് കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു. 'ഹൃദയങ്ങൾ ഫേസ്ബുക്കിൽ എഴുതിയത് " എന്ന പേരിലുള്ള പുസ്തകം വേറിട്ട രീതിയിലാണ് കൊല്ലം പ്രസ് ക്ലബിൽ പ്രകാശനം ചെയ്തത്. കെ. എൻ. ബാലഗോപാലിന്റെ ഇടപെടൽ മൂലം ജീവിതം മാറി മറിഞ്ഞ അഞ്ചു വ്യക്തികൾ ചേർന്നാണ് പുസ്തക പ്രകാശനം നിർവഹിച്ചത്. മൺറോതുരുത്തിൽ നടത്തിയ പാരിസ്ഥിതിക രാഷ്ട്രീയ പ്രവർത്തനം, പാലിയേറ്റീവ് രംഗത്തെ കൈയൊപ്പ്, രാജ്യസഭയിൽ നടത്തിയ ഇടപെടലുകൾ, വിദ്യാർത്ഥി - യുവജന പ്രക്ഷോഭങ്ങളിലെ നേതൃത്വം, ലോകം ശ്രദ്ധിച്ച ബാഗ് രഹിത സ്കൂൾ പദ്ധതി, അക്കാഡമിക്ക് രംഗത്തെ ഇടപെടൽ തുടങ്ങി കെ.എൻ. ബാലഗോപാൽ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള ഫേസ്ബുക്ക് നിരീക്ഷണങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൺറോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, കേരള സർവകലാശാല എം.കോം റാങ്ക് ജേതാവ് എസ്.ജെ. ദിവ്യമോൾ, പാലിയേറ്റീവ് പ്രവർത്തകൻ ഡോ. എം. ഷാജി, ബാഗ് ലെസ് സ്കൂൾ പദ്ധതി നടപ്പാക്കിയ പട്ടത്താനം യു.പി സ്കൂൾ മുൻ ഹെഡ് മാസ്റ്റർ ആർ. രാധാകൃഷ്ണൻ, വിദ്യാർത്ഥിനി പി.ടി നിരഞ്ജന എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്. എൻ. നൗഫൽ ആമുഖപ്രഭാഷണം നടത്തി. എം.എ. ബേബിയാണ് അവതാരിക എഴുതിയത്. മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, എഴുത്തുകാരി കെ.ആർ. മീര, കവി കുരീപ്പുഴ ശ്രീകുമാർ, കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൻ. ബാബു, മാദ്ധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി. നായർ, വിധു വിൻസെന്റ്, ദീപക് പച്ച, സരീഷ് കുറ്റിയാടി, സി. എസ്. അഖിൽ, ആർ. രാധാകൃഷ്ണൻ, പി.കെ. അനിൽകുമാർ മൈനാഗപ്പള്ളി, വിനോദ് റെസ്പോൺസ് തുടങ്ങിയവരുടെ കുറിപ്പുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം. കോം. റാങ്ക് ജേതാവായ ദിവ്യമോൾ കെ. എൻ. ബാലഗോപാലിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വീട് നിർമ്മിക്കാൻ നടത്തിയ ഇടപെടലുകളെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പും പുസ്തകത്തിന്റെ ഭാഗമാണ്. ദിവ്യാമോളുടെ കുറിപ്പ് നവമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മൈത്രി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.