kunnathoor
എൽ.ഡി.എഫ് മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംനടയിൽ സംഘടിപ്പിച്ച പൊതുയോഗം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ:കോർപ്പറേറ്റുകൾ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കാൻ ബി.ജെ.പിക്കും കോൺഗ്രസിനും ആർജ്ജവമില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എം.എൽ.എ പറഞ്ഞു. എൽ.ഡി.എഫ് പോരുവഴി കിഴക്ക് മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംനടയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പറ്റിയ തെറ്റുകൊണ്ട് നമ്മുടെ രാജ്യം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അസഹിഷ്ണുത കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. നീരവ് മോദിക്ക് കോടിക്കണക്കിന് രൂപ കിട്ടുന്നതിനും വിജയ് മല്യയ്ക്ക് കോടികളുമായി നാടുവിടുന്നതിനും മോദി വഴിയൊരുക്കുമ്പോൾ പാവപ്പെട്ട കർഷകർ ആത്മഹത്യ ചെയ്യുന്നത് കാണുന്നില്ല. ആയിരം ദിനങ്ങൾ കൊണ്ട് അനേകായിരം പേരുടെ കണ്ണീരൊപ്പിയ സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ജിഷാകുമാരി, കെ. ശിവശങ്കരൻ നായർ, പ്രൊഫ.എസ്. അജയൻ, കെ. കുഞ്ഞുമോൻ, സദാശിവൻ, എസ്. ശിവൻപിള്ള എന്നിവർ പ്രസംഗിച്ചു.