ldf
ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറയിൽ ഇടത് മുന്നണിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗം സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. ഇടതുമുന്നണി സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിൻെറ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി ആര്യങ്കാവ് പഞ്ചായത്തിലെ നെടുമ്പാറയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കൽക്കൂടി മോദി അധികാരത്തിൽ എത്തിയാൽ ഇനിയൊരു തിരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകില്ല. പ്രധാനമന്ത്രി ഇപ്പോൾ കോർപ്പറേറ്റുകളുടെ ചൗക്കീദാർ മാത്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.ഐ കഴുതുരുട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. അനിൽമോൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.എസ്. സുപാൽ, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഇടതുമുന്നണി നേതാക്കളായ സി. അജയപ്രസാദ്, എസ്. ബിജു, പി.എസ്. ചെറിയാൻ, കെ. രാധാകൃഷ്ണൻ, ആർ. പ്രദീപ്, വി. ശിവൻകുട്ടി, എസ്. നവമണി, ജോബോയ് പേരേര, പി. ചന്ദ്രൻ, ഐ. മൺസൂർ, കെ.ജി. ജോയി, മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.