പുനലൂർ: പുനലൂരിലെ നിർദ്ധനരായ ഓട്ടോറിക്ഷാ തൊഴിലാളികളുടെ കുടുംബത്തിന് നാട്ടുകാരിൽ നിന്നും സ്വരൂപിച്ച തുക നൽകി തൂക്ക് പാലത്തിന് സമീപമുള്ള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ നാടിന് മാതൃകയായി. പുനലൂർ ഭരണിക്കാവ് ദേവീ ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിൽ വണ്ടിക്കുതിരയെ ഇറക്കാൻ സ്വരൂപിച്ച ഫണ്ടിൽ മിച്ചം വന്ന പണമാണ് കാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ചത്. മരണപ്പെട്ട ഓട്ടോ ഡ്രൈവർ പ്രഹ്ലാദന്റെ ഭാര്യക്കും മറ്റൊരു കുടുംബത്തിനുമാണ് 15,000 രൂപ കൈമാറിയത്. പുനലൂർ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ധനസഹായ വിതരണവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ പഠനോപകരണ വിതരണവും നടത്തി. സംഘാടക സമിതി കൺവീനർ കെ. സാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ തൊഴിലാളികളായ ആർ. അജയൻ, പി.ടി. ഹരീന്ദ്രബാബു, പ്രദീപ്, രാമർ, ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.