election
ചിറ്റുമലയിൽ ഇരു മുന്നണികളും കലാശക്കൊട്ടിനായി അണിനിരന്നപ്പോൾ

കിഴക്കേക്കല്ലട: മാവേലിക്കര നിയോജക മണ്ഡലത്തിന്റെ ഭാഗമായ കിഴക്കേക്കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളെ ഇളക്കി മറിച്ച് കലാശക്കൊട്ടോടു കൂടി പരസ്യ പ്രചാരണം അവസാനിച്ചു. മൂന്ന് മുന്നണികളും മൂന്നു മണി മുതൽ തന്നെ ഓരോ വാർഡുകളിൽ നിന്നും പ്രകടനമായി പ്രധാന കവലകളിലെത്തിച്ചേർന്നു. മൺറോത്തുരുത്തിൽ മൂന്നു മുന്നണികളും റെയിൽവേ സ്റ്റേഷൻ,​ പേഴും തുരുത്ത് കാനറാ ബാങ്ക് റോഡിലൂടെ തങ്ങളുടെ ശക്തി തെളിയിക്കുന്ന പ്രകടനങ്ങളും വാഹന ജാഥകളും നടത്തി. കാനറാ ബാങ്ക് ഇടിയക്കടവ് റോഡിൽ സംഗമിച്ച് കലാശക്കൊട്ട് അവസാനിപ്പിച്ചു. രാവിലെ മൺറോത്തുരുത്ത് വഞ്ചിമുക്ക് പ്രദേശത്ത് എൽ.ഡി.എഫ് ​- യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. വില്ലി മംഗലം വെസ്റ്റ് ധന്യയിൽ സുന്ദരേശൻ എന്ന യു.ഡി.എഫ് പ്രവർത്തകന് കല്ലേറിൽ പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേക്കല്ലട പൊലീസ് കേസെടുത്തു. ശക്തമായ പൊലീസ് സംവിധാനമുള്ളതുകൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഒഴിവായത്. കിഴക്കേക്കല്ലടയിലെ ചിറ്റുമല ജംഗ്ഷനിൽ കൊല്ലം തേനീ ദേശീയപാതയെ നിശ്ചലമാക്കിക്കൊണ്ടാണ് കലാശക്കൊട്ടവസാനിച്ചത്. അഞ്ച് മണിയോടുകൂടി നാടിനെ ഇളക്കിമറിച്ച ശക്തി പ്രകടനങ്ങൾ ചിറ്റുമല ജംഗ്ഷൻ കേന്ദ്രീകരിച്ച് നടന്നു. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം ഇരട്ടിച്ചതോടെ തേനി ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. പരസ്യ പ്രചാരണ സമയം അവസാനിച്ചതിന് ശേഷമാണ് വാഹന ഗതാഗതം പുന:സ്ഥാപിച്ചത്.