അഞ്ചാലുംമൂട്: അണികളിൽ ആവേശം അലതല്ലി അഞ്ചാലുംമൂട്ടിൽ കൊട്ടിക്കലാശം അരങ്ങേറി. വൈകിട്ട് നാല് മണിയോടെ ആരംഭിച്ച കൊട്ടിക്കലാശം രണ്ട് മണിക്കൂർ നീണ്ടു. കെ.എൻ. ബാലഗോപാലിന്റേയും കെ.ബി. സാബുവിന്റേയും എൻ.കെ. പ്രേമചന്ദ്രന്റേയും തിരഞ്ഞെടുപ്പ് ഗാനങ്ങളും മുദ്രാവാക്യം വിളികളും അരങ്ങു തകർത്ത് കത്തിക്കയറി. വാഹന പ്രചാരണവും, കാൽനട പ്രചാരണവുമായി യു.ഡി.എഫ്, ബി.ജെ.പി, എൽ.ഡി.എഫ് പ്രവർത്തകരായ ആയിരങ്ങളാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. ആവേശഭരിതരായ പ്രവർത്തകർ പരസ്പര മത്സരത്തോടെ കൊടികൾ പാറിക്കാൻ കാട്ടിയ ആവേശം കണ്ടുനിന്ന അണികളെയും ആവേശഭരിതരാക്കി. വൈകിട്ട് ആറ് മണിയോടെ അഞ്ചാലുംമൂട് സി.ഐ ജി. പ്രദീപ് കുമാറിന്റെ നിർദ്ദേശത്തോടെ കൊട്ടിക്കലാശം സമാപിച്ചു.