kunnathoor
തെരഞ്ഞെടുപ്പ് പ്രചരണത്തിന് സമാപനം കുറിച്ച് ഭരണിക്കാവിൽ വിവിധ പാർട്ടികൾ നടത്തിയ കൊട്ടിക്കലാശം

കുന്നത്തൂർ: പരസ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ത്യം കുറിച്ച് ഇന്നലെ കുന്നത്തൂരിൽ നടന്ന കൊട്ടിക്കലാശം പ്രവർത്തകർക്ക് ആവേശമായി. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ, എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ എന്നിവരുടെ പ്രചാരണാർത്ഥമാണ് കൊട്ടിക്കലാശം സംഘടിപ്പിച്ചത്. വാദ്യമേളങ്ങളുടെയും പാരഡി ഗാനങ്ങളുടെയും അകമ്പടിയോടെ വൈകിട്ട് നാലിന് ആയിരക്കണക്കിന് പ്രവർത്തകർ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച വാഹനങ്ങളിൽ ഭരണിക്കാവിലെത്തി. 5 മണിയോടെ മൈക്ക് ഓഫ് ചെയ്യണമെന്ന കർശന നിർദ്ദേശം പൊലീസിന്റെ ഭാഗത്തു നിന്നുമുണ്ടായി. പ്രവർത്തകർ ടൗൺ കൈയടക്കിയതോടെ മണിക്കൂറുകളോളം ഭരണിക്കാവിൽ ഗതാഗതം സ്തംഭിച്ചു. കോൺഗ്രസ് പ്രവർത്തകർ ഭരണിക്കാവിലെ കോൺഗ്രസ് ഭവനു മുന്നിലാണ് നിലയുറപ്പിച്ചത്. മുദ്രാവാക്യം വിളിച്ച് വിവിധ പാർട്ടി പ്രവർത്തകർ പരസ്പരം പോർവിളി നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. വൈകിട്ട് ആറോടെയാണ് കൊട്ടിക്കലാശത്തിന് സമാപനമായത്. കുന്നത്തൂർ ടൗൺ, ചക്കുവള്ളി, ശാസ്താംകോട്ട, കാരാളിമുക്ക്, മൈനാഗപ്പള്ളി, പതാരം, ശൂരനാട് എച്ച്.എസ് ജംഗ്ഷൻ, ചിറ്റുമല, പുത്തൂർ, മൺറോത്തുരുത്ത്, ശാസ്താംനട എന്നിവിടങ്ങളിലും കൊട്ടിക്കലാശം നടന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാവിലെ 8ന് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ പത്തനാപുരത്തു നിന്നാരംഭിച്ച റോഡ് ഷോ നൂറു കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചെങ്ങന്നൂരിൽ സമാപിച്ചു. കൊട്ടാരക്കര, പുത്തൂർ, കുന്നത്തൂർ, ഭരണിക്കാവ്, താമരക്കുളം, ചാരുംമൂട് വഴിയാണ് റോഡ് ഷോ ചെങ്ങന്നൂരിൽ എത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ പ്രചാരണാർത്ഥം കഴിഞ്ഞ ദിവസം റോഡ് ഷോ നടന്നു.