കേന്ദ്ര സേന ഇന്നലെ റൂട്ട് മാർച്ച് നടത്തി
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കിലെ രണ്ട് അസംബ്ളി നിയോജക മണ്ഡലങ്ങളിലെയും പോളിംഗ് സ്റ്റേഷനുകളും പ്രശ്ന ബാധിത പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിൽ. ഇന്നലെയെത്തിയ കേന്ദ്ര സേന പുതിയകാവ് മുതൽ വട്ടപറമ്പ് വരെ റൂട്ട് മാർച്ച് നടത്തി. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ 181 ബൂത്തുകളും ചവറയിൽ 163 ബൂത്തുകളുമാണ് നിലവിലുള്ളത്. രണ്ട് അസംബ്ളി മണ്ഡലത്തിൽ മൊത്തം 22 പ്രശ്ന ബാധിത ബൂത്തുകളും 58 പ്രശ്ന സാദ്ധ്യതയുള്ള ബൂത്തുകളുമാണുള്ളത്. ഈ ബൂത്തുകളിൽ കേരള പൊലീസിനെ കൂടാതെ കേന്ദ്ര സേനയെ കൂടി വിന്യസിക്കും. ഇന്ന് മുതൽ കരുനാഗപ്പള്ളി എ.സി.പിയുടെ നിയന്ത്രണത്തിൽ 10 സ്ട്രൈക്കിംഗ് പട്രോളിംഗ് യൂണിറ്റ് ഇടതടവില്ലാതെ പൊളിംഗ് സ്റ്റേഷനുകളിൽ എത്തിക്കൊണ്ടിരിക്കും. 344 ബൂത്തുകളെ 23യൂണിറ്റുകളായി വേർതിരിച്ച് ഒാരോ യൂണിറ്റിലും പ്രത്യേകം പട്രോളിംഗ് ഏർപ്പെടുത്തും. ഒരു യൂണിറ്റിൽ 15 ബൂത്തുകൾ ഉണ്ടായിരിക്കും. കൂടാതെ സ്റ്റേഷൻ പട്രോളിംഗും നടത്തും. ക്രമസമാധാന രംഗത്ത് പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരോ പോളിംഗ് സ്റ്റേഷനിലും ഒാരോ പൊലീസുകാരുടെ സേവനം ലഭ്യമാക്കും. ചവറ അസംബ്ളി മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങൾ കരുനാഗപ്പള്ളി തേവർകാവ് ശ്രീ വിദ്യാധിരാജാ കോളേജിലും കരുനാഗപ്പള്ളിയുടേത് യു.പി.ജി സ്കൂളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടിടങ്ങളിലും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വോട്ടിംഗ് യന്ത്രങ്ങൾ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യും. ഒാരോ പോളിംഗ് സ്റ്റേഷനുകളിലും പി.ആർ.ഒ ഉൾപ്പെടെ 4 ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടായിരിക്കും.