gandhi
ഗാന്ധിഭവനിലെ മുതിർന്ന വോട്ടറായ കുഞ്ഞമ്മ തേവൻ മറ്റ് അന്തേവാസികൾക്കൊപ്പം

കൊല്ലം: ആലപ്പുഴ പായിപ്പാട് സ്വദേശി കുഞ്ഞമ്മ തേവന് വയസ് 106 ആയെങ്കിലും കന്നി വോട്ടിന്റെ അവേശമാണ് ഇത്തവണയും. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ സ്ഥാനാർത്ഥി വോട്ടുചോദിച്ചെത്തിയപ്പോൾ പ്രായത്തിന്റെ അവശത മറന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചതു തന്നെ ഇതിന് തെളിവായിരുന്നു. നാട്ടിൽ കൂലിപ്പണിക്ക് പോയിരുന്ന നാളുകളിൽ തൊഴിലാളി പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്നതും മറ്റും കൂടെയുള്ളവരോട് ഇപ്പോഴും പങ്കുവയ്ക്കാറുണ്ട് കുഞ്ഞമ്മ. കൊയ്ത്തുപാട്ടുകളും വിപ്ളവ ഗാനങ്ങളും ഈ പ്രായത്തിലും ഉച്ചത്തിൽ പാടുന്ന ഈ അമ്മ ഇപ്പോഴും പഴയ രാഷ്ട്രീയ പ്രവർത്തകയാകുന്നു. ഇങ്ങനെ നിരവധിയാളുകളാണ് പത്താനാപുരം ഗാന്ധി ഭവനിൽ ഇന്നുള്ളത്.

തങ്ങളോട് വോട്ടഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥികളെല്ലാവരും എത്തിയതിന്റെ ആവേശത്തിലാണ് ഇവരെല്ലാം. ശാരീരികമായ അവശതകൾ ഉണ്ടെങ്കിലും ഇത്തവണയും വോട്ട് ചെയ്യുമെന്ന് മറ്റൊരു അന്തേവാസിയായ ശ്രീദേവിയമ്മാളും പറയുന്നു. ആയിരത്തിലധികം ആളുകളുള്ള ഗാന്ധിഭവനിൽ നൂറ്റമ്പതോളം പേർക്കാണ് ഇത്തവണ വോട്ടുള്ളത്. സമീപത്തുള്ള കുണ്ടയം എൽ.പി സ്കൂളിലെ ബൂത്തിലാണ് ഇവരെല്ലാം സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതിൽ മുൻ ഗ്രാമപഞ്ചായത്തംഗങ്ങളും ചലച്ചിത്ര താരങ്ങളും പൊതുപ്രവർകരുമെല്ലാം ഉൾപ്പെടും.

വോട്ടുചെയ്യുന്ന രീതി ഇവർക്കെല്ലാം മനപാഠമാണ്. വർഷാവർഷം ഗാന്ധിഭവനിൽ നടക്കുന്ന സ്നേഹഗ്രാമം പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് ഇതിന് മുതൽക്കൂട്ടായത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഗാന്ധിഭവന്റെ പ്രവർത്തനങ്ങളിൽ അച്ചടക്കം, ശുചിത്വം, ഭരണകാര്യങ്ങൾ എന്നിവ നിയന്ത്രിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത് ഈ മാതൃകാ പഞ്ചായത്താണ്. ഇവിടെയും മാതൃക പൊതുതിരഞ്ഞെടുപ്പാണ്. ഇവിടുത്തെ സേവന പ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഇലക്ഷൻ കമ്മിഷന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. വിവിധ മുന്നണികളിലായി അന്തേവാസികൾ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പിൽ 9 മണ്ഡലങ്ങളാണുള്ളത്.

ഇതിൽ വിജയിക്കുന്നവർ യോഗങ്ങൾ ചേർന്ന് തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗാന്ധിഭവനിൽ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ എത്തിയതായും സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.