കൊട്ടിയം: മാലിന്യം ചവിട്ടിയെങ്കിൽ മാത്രമേ സമ്മതിദാനം രേഖപ്പെടുത്താനാവൂ എന്ന ഗതികേടിലാണ് കൊട്ടിയം പറക്കുളത്തെ വോട്ടർമാർ. ഇരവിപുരം മണ്ഡലത്തിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തുന്നവർക്കാണാണ് പോളിംഗ് സ്റ്റേഷന് മുന്നിലൂടെ ഒഴുകുന്ന മാലിന്യപ്പുഴ മറികടന്ന് വോട്ട് ചെയ്യേണ്ട അവസ്ഥ.
പോളിംഗ് സ്റ്റേഷനായ പറക്കുളം സെൻട്രൽ കാഷ്യൂ ഫാക്ടറിക്ക് മുന്നിലാണ് ഓട നിറഞ്ഞ് ഒഴുകിയെത്തുന്ന മലിനജലം കെട്ടികിടക്കുന്നത്. കൊട്ടിയത്തെ ഹോട്ടലുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നും തള്ളുന്ന കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവയാണ് കെട്ടിനിൽക്കുന്നത്. പോളിംഗ് സ്റ്റേഷന് മുന്നിലെ കുഴികളിൽ കെട്ടികിടക്കുന്ന മലിനജലത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്.
മലിനജലത്തിൽ ചവിട്ടാതെ പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയില്ല. പോളിംഗ് സ്റ്റേഷന്റെ പരിശോധനയ്ക്കായി നിരവധി തവണ ഉദ്യോഗസ്ഥരെത്തിയെങ്കിലും വോട്ടർമാരുടെ ദുരിതം തീർക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു. അടഞ്ഞ് കിടക്കുന്ന കശുഅണ്ടി ഫാക്ടറിയിൽ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കാനുള്ള സൗകര്യങ്ങൾ ഇല്ലെന്നും പരാതിയുണ്ട്. പോളിംഗ് സ്റ്റേഷൻ സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും വില്ലേജ് അധികൃതർ തയ്യാറായില്ലെന്ന് യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു. മലിനജലം ചവിട്ടി വോട്ട് ചെയ്യാൻ എത്തില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം വോട്ടർമാർ.