photo
പോളിംഗ് സ്റ്റേഷനിലേക്കുള്ള യന്ത്രങ്ങൾ ഏറ്റ് വാങ്ങി ഉദ്യോഗസ്ഥർ വാഹനങ്ങൾക്കായി കാത്തിരിക്കുന്നു

കരുനാഗപ്പള്ളി: ആവേശം വാനോളമുയർത്തിയ പ്രചാരണത്തിനൊടുവിൽ ഇന്ന് ജനം ബൂത്തിലേക്ക്. ഇന്നലെ വൈകിട്ടോടെ തിരഞ്ഞെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നു. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ 181 ബൂത്തുകളാണ് ഉള്ളത്. ഇന്നലെ രാവിലെ 8 മുതൽ വോട്ടിംഗ് യന്ത്രങ്ങളും ബാലറ്റ് യൂണിറ്റും ‌കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും ചേർന്ന് ഏറ്റുവാങ്ങി. കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നടന്ന വിതരണം ഉച്ചയ്ക്ക് ഒരുമണിയോടെ സമാപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ വാഹനങ്ങളിലാണ് ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചത്. ഇന്ന് രാവിലെ 6ന് മോക് പോളിംഗ് ആരംഭിക്കും. ഉത്തരവാദിത്വപ്പെട്ട പോളിംഗ് ഏജന്റുമാർ മാത്രമാണ് ഈ അവസരത്തിൽ പോളിംഗ് സ്റ്റേഷനിൽ ഉണ്ടാകുക. രാവിലെ 7മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ്. കുറ്രമറ്റ രീതിയിലും സമാധാനപരമായും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയായതായി പൊലീസും അറിയിച്ചു.

ഏത് സാഹചര്യവും നേരിടാൻ പൊലീസ് സജ്ജമാണ്. പ്രശ്ന ബാധിത പ്രദേശങ്ങളിൽ കേന്ദ്ര സേനയേയും വിന്യസിച്ച് കഴിഞ്ഞു. അടിയന്തര ഘട്ടങ്ങളിൽ പൊതു ജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി കരുനാഗപ്പള്ളി എ.സി.പി യുടെ ഓഫീസിൽ കൺട്രോൾ റൂമും പ്രവർത്തനം ആരംഭിച്ചു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും സജീവമായി രംഗത്തുണ്ട്. എ.സി.പി യുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള സ്ട്രൈക്കിംഗ് പെട്രോളിംഗിന് പുറമേ സ്റ്റേഷന്റെ നിയന്ത്രണത്തിലുള്ള പട്രോളിംഗും യൂണിറ്റ് പെട്രോളിംഗും ബൂത്തുകൾ കേന്ദ്രീകരിച്ച് നടക്കും. പ്രശ്ന ബാധിത ബൂത്തുകളിൽ പൊലീസിന് വേഗത്തിൽ എത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പാടാക്കി. 15 ബൂത്തുകളെ ഉൾക്കൊള്ളിച്ചാണ് യൂണിറ്റ് പെട്രോളിംഗ്. ബൂത്തുകളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുനവർക്കെതിരെ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.