പുനലൂർ: ആവേശം കൊടുമുടിയിലെത്തിയ പ്രചാരണത്തിനൊടുവിൽ നാട് ഇന്ന് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഇന്നലെ വൈകിട്ടോടെ പൂർത്തിയായിരുന്നു. വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ രാവിലെ മുതൽ തന്നെ വിതരണം ചെയ്തുതുടങ്ങി. പ്രിസൈഡിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ ഇവ ഏറ്റുവാങ്ങി. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് പ്രശ്നബാധിത പ്രദേശങ്ങളിലടക്കം പൊലീസിന്റെയും കേന്ദ്രസേനയുടെയും നേതൃത്വത്തിൽ കർശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വരണാധികാരിയായ തെന്മല ഡി.എഫ്.ഒ സണിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. രാവിലെ 8ന് തന്നെ വിതരണ കേന്ദ്രമായ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പോളിംഗ് ഓഫീസർമാർ അടക്കമുള്ള 784 ജീവനക്കാരും പൊലീസുകാരും എത്തിച്ചേർന്നിരുന്നു. തുടർന്ന് പോസ്റ്റിംഗ് ഓർഡർ നൽകിയ ശേഷം മണ്ഡലത്തിലെ 196 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങൾ അടക്കമുള്ള സാമഗ്രികളും വിതരണം ചെയ്തു. ഉച്ചയ്ക്ക് ഒരുമണിയോടെ വിതരണം പൂർത്തിയായി.
234 വോട്ടിംഗ് യന്ത്രങ്ങളും 271 വി.വി.പാറ്റ് യന്ത്രങ്ങളുമാണ് വിതരണം ചെയ്തത്. 4 ജീവനക്കാരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഒരു ബൂത്തിന്റെ ചുമതല വഹിക്കുന്നത്. സമാധാനപരമായ തിരഞ്ഞെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊലീസും അറിയിച്ചു.