കുളത്തൂപ്പുഴ: മലയോര ഹൈവേ നിർമ്മാണത്തിനിടെ കുളത്തൂപ്പുഴയിൽ കുടിവെള്ള വിതരണ പൈപ്പുകൾ നിരന്തരംപൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവാകുന്നു.
വേനൽ കടുത്തതോടെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന വേളയിലാണ് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം ഇത്തരത്തിൽ പാഴാകുന്നത്. കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ വിതരണ പൈപ്പുകൾ തിങ്കൾക്കരിക്കം ജംഗ്ഷനു സമീപവും മാർത്താണ്ഡങ്കരയിൽ പുതിയ പാലം നിർമ്മിക്കുന്നതിനോട് ചേർന്നും ഏഴംകുളത്തും പൊട്ടിയിരുന്നു.
മാർത്താണ്ഡങ്കരയിൽ പൈപ്പ് പൊട്ടി മണിക്കൂറോളം ജലധാര തന്നെ സൃഷ്ടിക്കപ്പെട്ടു. മലയോര ഹൈവേ നിർമ്മാണം പുരോഗമിക്കുന്നതിനിടെ കുടിവെള്ള പൈപ്പുകൾ തകരാറിലായാൽ സമയബന്ധിതമായി അത് പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാറില്ല. ഇത് കടുത്ത ബുദ്ധിമുട്ടാണ് നാട്ടുകാർക്ക് സൃഷ്ടിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പും ഇതുതന്നെയായിരുന്നു അവസ്ഥ. ഇത് പരിഹരിച്ചതിന് പിന്നാലെയാണ് വീണ്ടും പൈപ്പ് പൊട്ടിയത്. ഇതോടെ കുടിവെള്ളത്തിനായി ഇനി എന്തുചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങൾ.