അഞ്ചാലുംമൂട്: അഞ്ചേക്കറോളം ഭൂമിയിൽ കാടുകയറി നശിക്കുന്ന പെരുമൺ ഹൈടെക് കയർ പാർക്കിൽ കുട്ടികൾക്കായി സ്റ്റേഡിയം നിർമ്മിക്കണമെന്ന് നാട്ടുകാർക്കിടയിൽ ആവശ്യമുയരുന്നു. നിലവിൽ കായിക മേഖലയിൽ താത്പര്യമുള്ള കുട്ടികൾക്ക് പരിശീലനം നടത്താൻ ആവശ്യമായ കളിയിടങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്.
വർഷങ്ങൾക്ക് മുമ്പ് പെരുമൺ യു.പി സ്കൂൾ ഗ്രൗണ്ട് ഉൾപ്പെടെ സ്വകാര്യ വ്യക്തികളുടെ ഒഴിഞ്ഞ പുരയിടങ്ങൾ കുട്ടികൾ കളിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. എന്നാൽ കാലഘട്ടം മാറിയതോടെ ഒഴിഞ്ഞുകിടന്നിരുന്ന പുരയിടങ്ങളിൽ വീടുകളും മതിലുകളും ഉയർന്നു. പെരുമൺ യു.പി സ്കൂൾ ശ്രീരാമകൃഷ്ണ സേവാ ട്രസ്റ്റ് ഏറ്റെടുത്തതോടെ സ്കൂൾ ഗ്രൗണ്ടിന് സമീപത്തായി ക്ഷേത്രവും വന്നു. ഇതോടെ സ്കൂൾ ഗ്രൗണ്ടിലും കളിക്കുന്നതിനാവശ്യമായ സ്ഥലമില്ലാതായി.
കുട്ടികൾക്ക് വിവിധ കായികയിനങ്ങളിൽ പരിശീലനം നടത്തുന്നതിനായി പെരുമൺ മാർക്കറ്റിനുള്ളിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പെരുമണിലെ തണൽ വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു. സ്ഥലത്തിന് പരിമിതി ഉണ്ടെങ്കിലും നാട്ടുകാരുടെ ആവശ്യം പഞ്ചായത്തിന്റെ പരിഗണനയിലാണ്.
കാടുകയറി കയർപാർക്ക്
പെരുമണിൽ 1986ൽ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് വ്യക്തികളിൽ നിന്ന് 33 ഏക്കറോളം ഭൂമി ഏറ്റെടുത്തിരുന്നു. ഏറ്റെടുക്കപ്പെട്ട ഭൂമിയിൽ ഇപ്പോൾ 28 ഏക്കറിൽ കേപ്പിന്റെ അധീനതയിലുള്ള പെരുമൺ എൻജിനിയറിംഗ് കോളേജും അഞ്ച് ഏക്കർ ഭൂമിയിൽ ഹൈടെക് കയർപാർക്കുമാണ് സ്ഥിതി ചെയ്യുന്നത്.
കയർപാർക്കിൽ ആദ്യകാലങ്ങളിൽ കയർ നിർമ്മാണത്തിൽ പരിശീലനം നൽകിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് പാർക്കിന്റെ പ്രവർത്തനം ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പൂട്ടുകയായിരുന്നു. നിലവിൽ കയർപാർക്ക് സ്ഥിതി ചെയ്യുന്ന പരിസരം മുഴുവൻ കാടുകയറി കിടക്കുന്ന അവസ്ഥയിലാണ്. ഈ സ്ഥലത്ത് കുട്ടികൾക്ക് കളിക്കുന്നതിനും വിവിധ കായികയിനങ്ങളിൽ പരിശീലനം നടത്തുന്നതിനുമായി സ്‌റ്റേഡിയം നിർമ്മിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സ്ഥലസൗകര്യം ഏറെയുള്ളതിനാൽ സ്‌റ്റേഡിയം നിർമ്മിച്ചാൽ പല ടൂർണമെന്റുകളും ഇവിടെ നടത്താൻ കഴിയുമെന്നും നാട്ടുകാർ പറയുന്നു.
പ്രവർത്തനമില്ലാതെ പൂട്ടിക്കിടക്കുന്ന കയർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്റ്റേഡിയം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് ഉടൻ നിവേദനം നൽകും.
തണൽ വാട്സ്ആപ് കൂട്ടായ്മ അംഗങ്ങൾ