village
ചായം പൂശി മോടിപിടിപ്പിച്ച ആര്യങ്കാവ് വില്ലേജ് ഓഫീസ് കെട്ടിടം

പുനലൂർ: കാലപ്പഴക്കത്തെ തുടർന്ന് തകർച്ചയുടെ വക്കിലായിരുന്ന ആര്യങ്കാവ് വില്ലേജ് ഓഫീസ് മോടി പിടിപ്പിച്ചെങ്കിലും ഇവിടെ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമില്ല. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പെയിന്റടിച്ചെങ്കിലും പുറത്ത് ശൗചാലയമില്ലാത്തതാണ് ബുദ്ധിമുട്ടാവുന്നത്. ഓഫീസിനുള്ളിൽ ടോയിലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ജീവനക്കാർക്ക് മാത്രമുള്ളതാണ്.

ഇതിന് പുറമേ പ്രായമായവർ അടക്കമുള്ള ഇടപാടുകാർക്ക് ഇരിക്കാൻ സൗകര്യമില്ലാത്തതിനാൽ മണിക്കൂറുകളോളം വരാന്തയിൽ നിൽക്കേണ്ട ഗതികേടാണ്. ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയെങ്കിലും നാട്ടുകാർക്ക് ഇത് കൊണ്ട് പ്രയോജനമില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ 10 വർഷമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ വികൃതമായ ഓഫീസിനെയും ചുറ്റുമതിലിനെയും കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിണ്ട് കീറിയ ചുറ്റുമതിലും ഓഫീസ് കെട്ടിടവും അധികൃതർ നവീകരിച്ചത്.

 ഒാഫീസിലെത്തുന്നവരിൽ കൂടുതലും സ്ത്രീകൾ

തോട്ടം മേഖലയായ ഇരുളൻകാട്, വെഞ്ച്വർ, ആനച്ചാടി, നെടുമ്പാറ ചേനഗിരി, അച്ചൻകോവിൽ അടക്കമുള്ള പ്രദേശങ്ങളിലെ താമസക്കാർ തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ആര്യങ്കാവ് വില്ലേജ് ഓഫീസിൽ എത്തിയാണ് കരം ഒടുക്ക്, ജാതി തെളിയിക്കൽ സർട്ടിഫിക്കറ്റ് അടക്കമുള്ള കാര്യങ്ങൾ സാധിക്കുന്നത്. ഈ ആവശ്യങ്ങൾക്ക് ഏറെയും സ്ത്രീകളാണ് ഓഫീസിൽ എത്താറുള്ളത്. ഇവരാണ് നിലവിൽ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.