മൺറോതുരുത്ത്: പെരുങ്ങാലത്ത് ദ്വീപിലെ പോളിംഗ് ബൂത്തിലേക്ക് ഇത്തവണയും ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്നത് ബോട്ട് മാർഗം. മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പെട്ട ദ്വീപായ പെരുങ്ങാലത്ത് സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് 149, 150 നമ്പർ ബൂത്തുകൾ.
മാവേലിക്കര നിയോജക മണ്ഡലത്തിലെ ഈ ബൂത്തുകളിൽ കരമാർഗം എത്തിച്ചേരാൻ കഴിയുകയില്ല. അതിനാൽ കുന്നത്തൂരിൽ നിന്ന് ഉദ്യോഗസ്ഥരെ റോഡുമാർഗം കാരൂത്തറക്കടവിലെത്തിച്ചതിന് ശേഷം ബോട്ടിലാണ് പെരുങ്ങാലത്ത് എത്തിക്കുന്നത്. ഇത്തവണ ഇവിടേക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാരായ നൗഷാദും സുജിത്തും മറ്റ് ഉദ്യോഗസ്ഥരും റൂട്ട് ഓഫീസർ വീനീഷ് കുമാറിന്റെ നേതൃത്വത്തിൽ ചെറിയ പുരവഞ്ചിയിലാണ് കാരൂത്തറക്കടവിൽ നിന്ന് പെരുങ്ങാലത്തേക്ക് പുറപ്പെട്ടത്.
ഉദ്യോഗസ്ഥർ ഇത്തരത്തിൽ എത്തിച്ചേരുന്ന അവസാനത്തെ ഇലക്ഷനായിരിക്കണം ഇതെന്ന പ്രാർത്ഥനയാണ് നാട്ടുകാർക്കുള്ളത്. കാരണം നാട്ടുകാരുടെ ചിരകാല സ്വപ്നമായ ദ്വീപിനെ ബന്ധിപ്പിക്കുന്ന കൊന്നയിൽ പാലം പണിക്ക് ടെണ്ടർ നൽകിക്കഴിഞ്ഞെങ്കിലും ചെറിയ നൂലാമാലകൾ കാരണം പണി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ തടസങ്ങളും മാറി അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും പാലം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് പെരുങ്ങാലം നിവാസികൾ.