കുളത്തൂപ്പുഴ: പ്രശ്ന ബാധിത ബൂത്തുകൾ ഉൾപ്പെട്ട കിഴക്കൻ മലയോര മേഖലയാൽ ചുറ്റപ്പെട്ട കുളത്തൂപ്പുഴയിൽ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിൽ പോളിംഗ് പൂർത്തിയായി. പ്രശ്നബാധിത പ്രദേശമായി റിപ്പോർട്ട് ചെയ്തിട്ടുള്ള ചോഴിയക്കോട്, സംനഗർ എന്നിവിടങ്ങളിൽ കേന്ദ്രസേനയുടെ കരുതലോടുകൂടിയാണ് വോട്ടിംഗ് ആരംഭിച്ചത്. ഈ മേഖലകളിലെ മൂന്നു ബൂത്തുകളിലും, ശ്രീലങ്കൻ അഭയാർത്ഥികളായി പുനരധിവസിപ്പിക്കപ്പെട്ടവർ വോട്ട് ചെയ്ത ചന്ദനക്കാവ് ബൂത്തിലും സ്ത്രീ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. കാലവസ്ഥ അനുകൂലമായതിനാൽ രാവിലെ മുതൽ തന്നെ ബൂത്തുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വോട്ടിംഗ് മെഷീൻ പണിമുടക്കി
ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനും റോസുമലയിൽ വിവിപാറ്റും തകരാറിലായതൊഴിച്ചാൽ അനിഷ്ട സംഭവങ്ങൾ യാതൊന്നുമുണ്ടായില്ല. ആർ.പി.എൽ എസ്റ്റേറ്റിനുള്ളിലെയും കടമാൻകോട് ബൂത്തിലെയും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടിംഗ് ഏറെ നേരം നിറുത്തിവച്ചു. തകരാർ പരിഹരിച്ചതിനു ശേഷം വോട്ടിംഗ് തുടരാനായെങ്കിലും വൈകിട്ട് മൂന്നു മണിയോടെ കടമാൻകോട് ബൂത്തിലെ വോട്ടിംഗ് മെഷീൻ വീണ്ടും തകരാറിലായി.
വനത്തിനു നടുവിലെ റോസുമല ബൂത്തിലെ വിവിപാറ്റ് മെഷീൻ തകരാറിലായത് വോട്ടർമാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ വലച്ചു. 300 വോട്ട് പോൾ ചെയ്തതിന് ശേഷം ഉച്ചയോട് കൂടിയാണ് വിവിപാറ്റ് തകരാറിലായത്. ഉടൻ തന്നെ വോട്ടിംഗ് നിറുത്തിവയ്ക്കുകയായിരുന്നു. അപ്പോൾ സ്ത്രീകൾ അടക്കം 15 പേർ മാത്രമേ ക്യൂവിലുണ്ടായിരുന്നുളളൂ. ഏറെ വൈകി പകരം വിവിപാറ്റ് മെഷീൻ എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.