kavanad
കാവനാട് സെന്റ് തോമസ് തുരുത്ത് നിവാസികൾ വോട്ട് രേഖപ്പെടുത്താൻ വള്ളത്തിൽ പോകുന്നു

കൊല്ലം: കായലിൽ എത്ര മുങ്ങിത്തപ്പിയിട്ടും ഒരു കുട്ട കക്ക നിറയുന്നില്ലെന്ന് ജോസ്. കായലിൽ മാത്രമല്ല ജോസേ, കടലിലും മീനില്ലെന്ന് മറിയാമ്മ ചേട്ടത്തി. കടലിൽ പോകുന്നവരുടെ ജീവന് വല്ല വിലയുമുണ്ടോ? മറിയാമ്മ കൂട്ടിച്ചേർത്തു. ഈ തുരുത്തിലുള്ളവരുടെ ജീവന് ഒരു വിലയുമില്ലെന്ന് ഇടയ്ക്ക് കയറി അയലത്തുകാരിയായ നാൻസി. കുടിക്കാൻ നല്ല വെള്ളമില്ല. അരി വാങ്ങാൻ കാശില്ല. പിന്നെ എന്തിനാണ് നമ്മൾ വോട്ട് ചെയ്യുന്നതെന്ന് ആരോടെന്നില്ലാതെ ഒരു ചോദ്യവും.

കാവനാട് സെന്റ് തോമസ് തുരുത്തിൽ നിന്നും കുരീപ്പുഴ ഗവ. യു.പി.എസിലെ പോളിംഗ് ബൂത്ത് ലക്ഷ്യമാക്കി നീങ്ങുന്ന വള്ളത്തിലാണ് ഇങ്ങനൊരു ചർച്ച.

75 ഓളം കുടുംബങ്ങളിലായി മുന്നൂറിലേറെപ്പേരാണ് അഷ്ടമുടികായലിലെ തുരുത്തുകളിലൊന്നായ സെന്റ് തോമസ് ഐലന്റിലുള്ളത്. തിരഞ്ഞെടുപ്പാണെങ്കിലും ഇവർക്ക് ജോലിക്ക് പോകാതിരിക്കാനാകില്ല. ജോലിക്ക് പോയില്ലെങ്കിൽ അന്ന് അത്താഴത്തിന് വകയുണ്ടാകില്ല. ജോസ് രാവിലെ കായലിൽ മുങ്ങിത്തപ്പി കക്ക വാരിയ ശേഷമാണ് വോട്ട് ചെയ്യാൻ ഇറങ്ങിയത്. മടങ്ങിയെത്തിയ ശേഷവും വീണ്ടും കായലിൽ മുങ്ങണം. മറ്റുള്ളവരുടെ കാര്യവും ഇതു തന്നെ.

തൊട്ടടുത്തുള്ള മറ്റ് രണ്ട് തുരത്തുകളിലെയും സ്ഥിതി സമാനമാണ്. 'ഞങ്ങൾ ചെയ്തില്ലെങ്കിൽ മറ്റാരെങ്കിലും കള്ളവോട്ട് ചെയ്യും. അത് സമ്മതിക്കില്ല, അതിനാണ് ഞങ്ങൾ പോകുന്നത്.' നാൻസി പറഞ്ഞു.