കരുനാഗപ്പള്ളി: കനത്ത സുരക്ഷാ സന്നാഹത്തിൽ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ വോട്ടിംഗ് സമാധാനപരമായി നടന്നു. അനിഷ്ട സംഭവങ്ങളൊന്നും മണ്ഡലത്തിന്റെ ഒരു ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 181 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. രാവിലെ വോട്ടിംഗ് ആരംഭിച്ച് കഴിഞ്ഞപ്പോൾ 5 പോളിംഗ് ബൂത്തുകളിൽ വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് പോളിംഗ് തടസപ്പെടുത്തി. പെട്ടന്ന് തന്നെ ഉദ്യോഗസ്ഥർ യന്ത്രങ്ങൾ പ്രവർത്തന സജ്ജമാക്കി വോട്ടിംഗ് പുനരാരംഭിച്ചു. ഇന്നലെ പുലർച്ചെ 5.30 ന് പോളിംഗ് ഏജന്റുമാർ പോളിംഗ് സ്റ്റേഷനുകളിലെത്തി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തി. കൃത്യം 6 മണിക്ക് മോക് പോൾ നടന്നു. 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. തുടക്കം മുതൽ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. സ്ത്രീകളുടെ വർദ്ധിച്ച സാനിദ്ധ്യത്താൽ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ വോട്ടിംഗ്. പോളിംഗ് ബൂത്തുകൾക്ക് സമീപം കൂട്ടം കൂടി നിൽക്കാൻ പൊലീസ് ആരെയും അനുവദിച്ചില്ല. എ.സി.പിയുടെ സ്ട്രൈക്കിംഗ് ഫോഴ്സും, സ്റ്റേഷൻ യൂണിറ്റുകളും ഇടതടവില്ലാതെ പോളിംഗ് ബൂത്തുകളിൽ എത്തിക്കൊണ്ടിരുന്നു. കൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകരും പോളിംഗ് ബൂത്തുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. പ്രശ്ന ബാധിത ബൂത്തുകളിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ള ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിച്ചിരുന്നതിനാൽ ഇവിടെയെങ്ങും അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. വോട്ടിംഗിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ കനത്ത സുരക്ഷയിൽ ആലപ്പുഴയിലേക്ക് കൊണ്ട് പോയി.