പുനലൂർ: നിരവധി പോളിംഗ് സ്റ്റേഷനുകളിൽ യന്ത്രത്തകരാറുകൾ സംഭവിച്ചെങ്കിലും പുനലൂർ മണ്ഡലത്തിൽ ഇന്നലെ രാവിലെ ആരംഭിച്ച വോട്ടിംഗ് സമാധപരമായി പൂർത്തിയായി. ആനപെട്ടകോങ്കൽ 145-ാംനമ്പർ ബൂത്ത് അടക്കമുള്ള ചില കേന്ദ്രങ്ങളിലാണ് തകരാറുകൾ അനുഭവപ്പെട്ടത്. പിന്നീട് ഇത് പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു. പുനലൂർ മണ്ഡലത്തിലെ 196 പോളിംഗ് ബൂത്തുകളിലായി 63.05 ശതമാനത്തോളം പേർ വോട്ടു രേഖപ്പെടുത്തിയെന്ന് വരണാധികാരിയായ തെന്മല ഡി.എഫ്.ഒ എസ്. സൺ അറിയിച്ചു. രാവിലെ 7 മണി മുതൽ തന്നെ എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും മുന്നിൽ കനത്ത ക്യൂ ദൃശ്യമായിരുന്നു. മണ്ഡലത്തിലെ 196 ബൂത്തുകളിലും മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലായിരുന്നു. വോട്ടിംഗിലെ വലിയ രീതിയിലുള്ള സ്ത്രീ സാനിദ്ധ്യം തങ്ങൾക്കനുകൂലമാകും എന്ന കണക്കുകൂട്ടലിലാണ് മൂന്ന് മുന്നണികളും. ഉച്ചയ്ക്ക് ശേഷം പോളിംഗ് സ്റ്റേഷനുകളുടെ മുന്നിൽ കാര്യമായ തിരക്കനുഭവപ്പെട്ടില്ലെങ്കിലും പുനലൂർ പേപ്പർ മില്ലിന് സമീപത്തെ പോളിംഗ് ബൂത്ത് അടക്കമുള്ള ചില സ്റ്റേഷനുകളിൽ വൈകിട്ട് 6 മണി വരെ സ്ത്രീ വോട്ടർമാരുടെ നീണ്ട ക്യൂ ആണ് ദൃശ്യമായത്. മന്ത്രി കെ. രാജുവും ഭാര്യ ഷീബയും മക്കളും രാവിലെ തന്നെ നെട്ടയത്തെ ഗവ. ഹൈസ്കൂളിലെ 125-ാം നമ്പർ ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രൻ പുനലൂർ ഗവ. എൽ.പി സ്കൂളിലെ ബൂത്തിൽ സന്ദർശനം നടത്തി. വൈകിട്ട് ആറ് മണിക്ക് പോളിംഗ് അവസാനിക്കുമ്പോഴും അഷ്ടമംഗലം ബൂത്തിൽ സ്ത്രീകളുടെ നീണ്ട ക്യൂ അനുഭപ്പെട്ടിരുന്നു.
കള്ളവോട്ട് നടന്നതായി ആരോപണം
ഏരൂർ 128-ാംബൂത്തിൽ കള്ളവോട്ട് നടന്നതായി ആരോപണം ഉയർന്നു. സുബൈദാ ബീവിയുടെ പേരിലാണ് കള്ളവോട്ട് ചെയ്തത്. വൈകിട്ട് 5.30ഓടെ സുബൈദാ ബീവി വോട്ടു ചെയ്യാനെത്തിയപ്പോഴാണ് ഇത് മനസിലായത്. തുടർന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി. പിന്നീട് ഇവരെക്കൊണ്ട് വോട്ടു ചെയ്യിക്കുകയായിരുന്നു. പുനലൂർ ഐക്കരക്കോണം 106-ാംനമ്പർ ബൂത്തിലെ ഷീലയുടെ പേരിലും കള്ളവോട്ടു നടന്നതായി ആരോപണമുണ്ടായി. ഇവരും പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി. 34-ാംബൂത്തിലും കള്ളവോട്ട് രേഖപ്പെടുത്തിയതായി ആരോപണമുണ്ട്.