കുണ്ടറ: രേഖകളില്ലാതെ വോട്ട് ചെയ്യാനെത്തിയയാൾ മരത്തിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കി. മാമ്പുഴ നിഥിൻ ഭവനിൽ സുരേഷ് ബാബുവാണ് ഇന്നലെ ഉച്ചയോടെ മാമ്പുഴ സർക്കാർ സ്കൂളിലെ 90-ാം നമ്പർ ബൂത്തിലെത്തിയത്. മദ്യലഹരിയിൽ രേഖകളില്ലാതെ എത്തിയ സുരേഷ് ബാബുവിനെ പ്രിസൈഡിംഗ് ഓഫീസർ തടഞ്ഞു. പട്ടികയിൽ പേരുണ്ടെന്നും തനിക്ക് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇയാൾ ബഹളം വച്ചെങ്കിലും ഓഫീസർ അനുവദിച്ചില്ല.
തുടർന്ന് സമീപത്തെ ആൽമരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ സുരേഷ് ബാബുവിനെ താഴെയിറക്കാൻ ഫയർഫോഴ്സും പൊലീസും ചേർന്ന് ശ്രമിച്ചെങ്കിലം വിജയിച്ചില്ല. ഒടുവിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡി.വൈ.എസ്.പി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
താഴെയിറങ്ങിയ ഇയാൾ വോട്ട് രേഖപ്പെടുത്തണമെന്ന ആവശ്യവുമായി ബഹളം തുടർന്നതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചശേഷം താക്കീത് നൽകി വിട്ടയയ്ക്കുകയായിരുന്നു.