കൊട്ടാരക്കര : ശബരിമല വിഷയവുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും മാവേലിക്കര മണ്ഡലത്തിലില്ലെന്ന് മാവേലിക്കര എൽ.ഡി .എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ പറഞ്ഞു. കൊട്ടാരക്കര ടൗൺ യു.പി സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ടർമാരെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷവും താനും വിശ്വാസികൾക്കൊപ്പമാണ്. നല്ല വിജയ പ്രതീക്ഷയാണുള്ളത്. കഴിഞ്ഞ 10 വർഷം മാവേലിക്കര പാർലമെന്റ് മണ്ഡലം വികസന മുരടിപ്പിലായിരുന്നു. എൽ.ഡി.എഫ് ഗവൺമെന്റ് നടപ്പിലാക്കി വരുന്ന വികസന പ്രവർത്തനങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസകരമാണ്. ഇന്ത്യയിൽ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കണമെങ്കിൽ ഇടതുപക്ഷം ഇന്ത്യൻ പാർലമെന്റിൽ ശക്തമാകണമെന്ന ചിന്ത ജനങ്ങളിൽ വന്നിട്ടുണ്ട്. പ്രളയം വന്നപ്പോൾ ജനങ്ങളോടൊപ്പം പാർലമെന്റ് അംഗം നിന്നില്ല എന്ന പരാതിയും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.