hospittal
പുനലൂർ ഗവ.താലൂക്ക് ആശുപത്രിക്ക് വേണ്ടി പണിയുന്ന പത്ത് നിലയുളള കെട്ടിട സമുച്ചയത്തിൻെറ മാതൃക..

പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന പത്തുനില മന്ദിരം വരുന്ന ഗാന്ധിജയന്തി ദിനത്തിൽ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. മന്ദിരത്തിന്റെ എട്ടാംനിലയുടെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കി. ഇനിയുള്ള രണ്ടുനിലയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. മെഡിക്കൽ കോളേജ് ആശുപത്രികളേയും മറ്റ് സ്വകാര്യ ആശുപത്രികളേയും വെല്ലുന്ന സംവിധാനങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്.

കിടപ്പുരോഗികൾക്കായുള്ള 350 കിടക്കകൾക്ക് പുറമേ കൂട്ടിരിപ്പുകാർക്ക് പ്രത്യേക കിടക്കകൾ ഒരുക്കും. വിവിധ വിഭാഗങ്ങൾക്കായി 22 ഒ.പി കൗണ്ടറുകൾ, ഏഴ് ഓപ്പറേഷൻ തിയേറ്ററുകൾ, ഫിസിയോ തെറാപ്പി യൂണിറ്റുകൾ, എം.ആർ.ഐ, സി.ടി, അൾട്രാ സൗണ്ട് സ്കാനുകൾ, മാമോഗ്രാഫി, അത്യാധുനിക മൈക്രോ ബയോളജി ലാബ്, ലേബർ സ്യൂട്ട് ഉൾപ്പെടെയുളള അത്യാധുനിക ലേബർ മുറി, പാലിയേറ്റീവ് വാർഡ്, മെഡിക്കൽ-സർജ്ജിക്കൽ, ബോൺ-നിയോനേറ്റഡ് ഉൾപ്പെടെയുള്ള ഐ.സി.യു സൗകര്യങ്ങൾ, നൂതന ബ്ലഡ് ബാങ്ക്, വിശാലമായ ഫാർമസി എന്നിവ പുതിയ മന്ദിരത്തിൽ ഉണ്ടാകും. എന്നാൽ കോടികൾ ചെലവഴിച്ച് സ്ഥാപിച്ച ആധുനിക സംവിധാനങ്ങളോടെയുള്ള താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയോ, ജനറൽ ആശുപത്രിയോ ആക്കി ഉയർത്താൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

സൗകര്യങ്ങൾ നിരവധി

പൂർണമായും ശീതീകരിച്ച ആശുപത്രിയിൽ ഒരു ദിവസം നൂറിൽ അധികം രോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യം, എല്ലാ നിലകളിലും കുടിവെള്ളം, കുളിക്കാൻ ചൂടുവെള്ളം, കോഫി വെൻഡിംഗ് ഷോപ്പ്, മാർഗ്ഗനിർദ്ദേശ-സേവന സൗകര്യങ്ങൾ, രജിസ്ട്രേഷൻ, എന്നിവകൾക്ക് പ്രത്യേക ഹെൽപ്പ് ഡസ്ക്, ഡോക്ടർമാരുടെ വാഹനങ്ങൾക്ക് പുറമേ 300ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, കുട്ടികളുടെ പാർക്ക് പാർക്ക്, ക്യാന്റീൻ, ഷോപ്പുകൾ, മനോഹരമായ ലാൻഡ് സ്കേപ്പിംഗ്, വെർട്ടിക്കൽ ഗാർഡൻ എന്നിവയും ഉണ്ട്.

നിർമ്മാണം അതിവേഗം

2018 സെപ്തംബറിലാണ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ കെട്ടിടം നാടിന് സമർപ്പിക്കാൻ സാധിക്കുന്നത് നേട്ടമാണ്. കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 68 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം

നിശ്ചയിക്കുന്ന തിയതിക്കുള്ളിൽ ഓരോഘട്ട നിർമ്മാണവും പൂർത്തിയാക്കി ബില്ലുകൾ മാറുന്ന രീതിയാണ് തുടരുന്നത്. ഇത്തരത്തിൽ വേഗത്തിൽ നിർമ്മാണം പൂർത്തിയാകുന്നത് അപൂർവമാണെന്നാണ് മന്ത്രി പറയുന്നത്.