votteduppu

കുളത്തൂപ്പുഴ: വോട്ടിംഗ് യന്ത്രവും വിവി പാറ്റ് മെഷീനും അടിക്കടി തകരാറിലായതോടെ കടമാൻകോട് ആദിവാസി കോളനിയിലെ വോട്ടെടുപ്പ് രാത്രി വൈകിയാണ് അവസാനിച്ചത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ 190-ാം നമ്പർ ബൂത്തായ കടമാൻകോട് ട്രൈബൽ എൽ.പി സ്കൂളിലെ തിരഞ്ഞെടുപ്പാണ് വോട്ടർമാരേയും ഉദ്യോഗസ്ഥരേയും ഒരുപോലെ കുഴച്ചത്. വോട്ടെടുപ്പു തുടങ്ങി ആദ്യമണിക്കൂറിൽ തന്നെ തകരാറിലായ മെഷീൻ പിന്നീട് പ്രവർത്തന സജ്ജമാക്കിയെങ്കിലും വൈകിട്ട് മൂന്നോടെ വീണ്ടും പണിമുടക്കി.

1284 വോട്ടർമാരുളള ഇവിടെ ഈ സമയം 502 വോട്ട് മാത്രമാണ് പോൾ ചെയ്തിരുന്നത്. ഏറെ വൈകി തകരാർ പരിഹരിച്ച് വോട്ടെടുപ്പ് പുനരാംഭിച്ചെങ്കിലും സമയം ആറുമണി പിന്നിട്ടു. ഇതോടെ കാത്തുനിന്നിരുന്ന വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് കുളത്തൂപ്പുഴ സി.എെ ബിനുകുമാറും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ അനുനയിപ്പിച്ച് സ്കൂളിനുള്ളിൽ പ്രവേശിപ്പിക്കുകയും ഗേറ്റ് പൂട്ടിയശേഷം ടോക്കൺ നൽകുകയും ചെയ്തു. സ്ത്രീകൾ അടക്കം അവശേഷിച്ച 283പേർ ഒൻപതരക്ക് ശേഷമാണ് വോട്ട് ചെയ്തത്.