കരുനാഗപ്പള്ളി: രോഗികളെ വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ട് പോകുന്നതിനായി കരുനാഗപ്പള്ളിയിൽ നിന്ന് ആംബുലൻസ് വിളിച്ചാൽ രോഗികളുടെ ബന്ധുക്കളുടെ കൈ പൊള്ളും. കരുനാഗപ്പള്ളിയിലെ താലൂക്ക് ആശുപത്രിയിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേയ്ക്ക് രോഗികളെ കൊണ്ട് പോകുന്നതിനായി സ്വകാര്യ ആംബുലൻസുകാർ വൻ തുകയാണ് ഈടാക്കുന്നതെന്നാണ് രോഗികളുടെ ബന്ധുക്കളുടെ പരാതി. അത്യാസന്ന നിലയിലുള്ള രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ കൊണ്ടു പോകണമെങ്കിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ചോദിക്കുന്ന ചാർജ് നൽകണം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഒരു ആംബുലൻസ് മാത്രമാണുള്ളത്. ഇത് മിക്ക സമയത്തും ഒാട്ടത്തിലായിരിക്കും. അതുകൊണ്ടുതന്നെ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ. ആംബുലൻസ് ഒാടുന്നതിന്റെ അടിസ്ഥാനത്തിൽ കിലോമീറ്റർ നിരക്കിൽ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് ആംബുലൻസിന്റെ ചാർജ് തിട്ടപ്പെടുത്തി നൽകേണ്ടത്. ഇത് ആംബുലൻസിന്റെ വശങ്ങളിൽ ജനങ്ങൾ കാണും വിധം പ്രദർശിപ്പിക്കേണ്ടതുമാണ്. എന്നാൽ ഇതൊന്നും ഒരു സ്വകാര്യ ആംബുലൻസുകാരും ചെയ്യാറില്ല. ഇതിന്റെ ഫലമായി പൊറുതിമുട്ടുന്നത് പാവം രോഗികളാണ്.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ആംബുലൻസിൽ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ട് പോകാൻ സർക്കാർ അനുവദിച്ച ചാർജ് 539 രൂപ
സ്വകാര്യ ആംബുലൻസുകൾ ഈടാക്കുന്നത് 1200 രൂപ
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികളെ കൊണ്ട് പോകാൻ 1135 രൂപ
സ്വകാര്യ ആംബുലൻസുകൾ ഈടാക്കുന്നത് 2600 രൂപ
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികളെ കൊണ്ട് പോകാൻ 2075 രൂപ
സ്വകാര്യ ആംബുലൻസുകൾ ഈടാക്കുന്നത് 4000 രൂപ