kashu

 വിയറ്റ്നാം, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നാണ് പരിപ്പ് ഇറക്കുമതി

കൊല്ലം: സംസ്‌കരിച്ച കശുഅണ്ടി പരിപ്പിന്റെ ഇറക്കുമതി പരമ്പരാഗത കശുഅണ്ടി വ്യവസായത്തിന്റെ അതിജീവനത്തിന് തിരിച്ചടിയാകുന്നു. വിയറ്റ്നാം, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നാണ് സംസ്‌കരിച്ച കശുഅണ്ടി പരിപ്പ് വൻതോതിൽ കേരളത്തിലെത്തുന്നത്. കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി പരിപ്പ് ലഭിക്കുന്നതിനാൽ കൊല്ലത്ത് ഉത്പാദിപ്പിക്കുന്ന പരിപ്പിന് വിപണിയിൽ ഡിമാൻഡും കുറയുന്നു. പ്രതിസന്ധി നേരിടുന്ന കശുഅണ്ടി മേഖലയുടെ തിരിച്ചുവരവിന് സർക്കാർ സഹായങ്ങൾ ലഭിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ഇറക്കുമതി പരിപ്പ് വെല്ലുവിളിയായത്.

കാലിത്തീറ്റ എന്ന വ്യാജേന അയൽ സംസ്ഥാന തുറമുഖങ്ങൾ വഴിയാണ് ഇറക്കുമതി. ഇറക്കുമതി കൂടയപ്പോൾ 2013ൽ കേന്ദ്രസർക്കാർ 45 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. ഇത് മറികടക്കാനാണ് 'കാലിത്തീറ്റ"യായുള്ള ഇറക്കുമതി. ഇത്തരം തട്ടിപ്പ് കണ്ടെത്താൻ പരിശോധനകളും വിരളമാണ്. വിയറ്റ്നാം ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കശുഅണ്ടി വ്യവസായത്തിൽ പൂർണ യന്ത്രവത്കരണം നടപ്പായപ്പോൾ സംസ്‌കരിക്കുന്ന തോട്ടണ്ടിയുടെ 60 ശതമാനം മാത്രമേ പൂർണ പരിപ്പായി ലഭിക്കുന്നുള്ളൂ. ശേഷിക്കുന്നത് പിളർപ്പ് പരിപ്പാണ്. പിളർപ്പ് പരിപ്പിന് ഉത്തരേന്ത്യയിൽ മാത്രമാണ് ഡിമാൻഡ്.

ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയുടെ നിർമ്മാണത്തിലെ പ്രധാന ഘടകമാണ് കശുഅണ്ടി പിളർപ്പ് പരിപ്പ്. കേരളത്തിലെ കശുഅണ്ടി വ്യവസായികളാണ് ഇവർക്കാവശ്യമായ പരിപ്പ് നൽകിയിരുന്നത്. 40 ശതമാനം വരെ വിലക്കുറവിൽ ഇറക്കുമതി പരിപ്പ് ലഭിക്കുമ്പോൾ കൊല്ലത്തെ കശുഅണ്ടി പരിപ്പിന് ഡിമാൻഡ് കുറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കശുഅണ്ടി വികസന കോർപ്പറേഷനും കാപ്പക്‌സിനുമുണ്ടാകുന്ന നഷ്‌ടവും ചെറുതല്ല.

 ആരോഗ്യത്തിനും ഭീഷണി?

ഇറക്കുമതി ചെയ്യുന്ന കശുഅണ്ടി പരിപ്പ് ഗുണനിലവാരത്തിലും പിന്നിലാണ്. സൾഫർ, ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ഉപയോഗിച്ച് ബ്ലീച്ച് ചെയ്‌താണ് ഇറക്കുമതി പരിപ്പിനെ പരമ്പരാഗത രീതിയിൽ സംസ്‌കരിക്കുന്ന കൊല്ലം പരിപ്പിനോട് സാദൃശ്യമുള്ളതാക്കുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇത്തരത്തിൽ ബ്ലീച്ച് ചെയ്യുന്ന പരിപ്പിന് സാധാരണ പരിപ്പിനേക്കാൾ കൂടുതൽ നിറവും ലഭിക്കും.