പത്തനാപുരം ; മഴയ്ക്കാെപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ തലവൂർ പഞ്ചായത്തിലെ കാർഷിക മേഖലയിലുണ്ടായത് കനത്ത നാശനഷ്ടം. ബുധനാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ വാഴ, മരച്ചീനി, റബർ എന്നിവയ്ക്കാണ് നാശം സംഭവിച്ചത്. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കൃഷി ഓഫീസർ സുരേഷ് കുമാർ അറിയിച്ചു.
അമ്പലനിരപ്പ് റെജിഭവനിൽ റെജി, കുരാ സന്തോഷ് ഭവനിൽ വാസുദേവൻ പിള്ള , മഞ്ഞക്കാല അദ്വൈതത്തിൽ അഭയാനന്ദൻ, നടുത്തേരി അരുൺ ഭവനിൽ സദാശിവൻ പിള്ള, നടുത്തേരി കറുകയിൽ വീട്ടിൽ ഷാജി, പാണ്ടിത്തിട്ട സ്വദേശികളായ തങ്കപ്പൻ, ഗണേശൻ, ഗണപതി പിള്ള, നടുത്തേരി പുതുപ്പള്ളി മഠത്തിൽ മധുസൂദനൻ നമ്പൂതിരി, തത്തമംഗലം മീരാ ഭവനിൽ വാസുദേവൻ ഉണ്ണി എന്നിവരുടെ കാർഷിക വിളകൾക്കാണ് നാശം സംഭവിച്ചത്. ആയിരക്കണക്കിന് ഏത്തവാഴകൾ കാറ്റിൽ ഒടിഞ്ഞുവീണു. കുലച്ച വാഴകളാണ് അധികവും. നാശം സംഭവിച്ച പ്രദേശങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അപ്രതീക്ഷിതമായുണ്ടായ കാറ്റിൽ കാർഷിക മേഖല തകർന്നടിഞ്ഞതിന്റെ ഞെട്ടലിലാണ് കർഷകർ.