palam
കോട്ടവട്ടത്ത് കൈവരികൾ തകർന്ന കെ.ഐ.പിയുടെ കനാൽ പാലം.

പുനലൂർ: കോട്ടവട്ടത്ത് കൂടി കടന്നുപോകുന്ന കല്ലട ഇറിഗേഷന്റെ ഇടതുകര കനാൽ റോഡിന്റെ കൈവരികൾ തകർന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കനാൽ റോഡിലുള്ള കോൺക്രീറ്റ് പാലത്തിന്റെ കൈവരികളാണ് നശിച്ചത്. ചക്കുവരയ്ക്കൽ വഴി കൊട്ടാരക്കര, വാളകം തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന സമാന്തര പാതയിലാണ് ഈ അവസ്ഥ. പത്ത് വർഷം മുമ്പാണ് പാലത്തിന്റെ സംരക്ഷ വേലി തകർന്നത്. അന്നുതൊട്ടിന്നുവരെ യാതൊരു അറ്റകുറ്റപ്പണിയും ഇവിടെ നടത്തിയിട്ടില്ല. നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഇതുവഴി സഞ്ചരിക്കുന്നത്. സമീപത്തെ എം.ജി.എസ്.എസ് എൽ.പി സ്കൂൾ അടക്കമുളള വിദ്യാലയങ്ങളിലെ വിദ്യാ‌ർത്ഥികളും നിരവധി സ്കൂൾ ബസുകളും ഇതിൽ ഉൾപ്പെടും.

ഇവരെല്ലാം ഭീതിയുടെ നടുവിലാണ്. കൈവരികൾ ഇല്ലാത്തതിനാൽ കാലൊന്ന് തെറ്റിയാൽ നിറഞ്ഞ് ഒഴുകുന്ന കനാലിലേക്കാവും യാത്രക്കാർ പതിക്കുക. എന്നാൽ അധികൃതർ മാത്രം ഇത് അറിഞ്ഞഭാവം നടിക്കുന്നില്ല. തകർന്ന കൈവരികളുടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണയാണ് നാട്ടുകാർ അധികൃതരുടെ മുന്നിലെത്തിയത്. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഇനി ഏത് വാതിലിൽ മുട്ടണമെന്ന സംശയത്തിലാണ് ഇവർ. മഴക്കാലം കൂടി ആരംഭിക്കുന്നതോടെ അപകട ഭീഷണി ഇരട്ടിയാകും. കനാൽ നവീകരണത്തിനായി ഓരോ വർഷവും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. ഇതിന്റെ ചെറിയൊരു വിഹിതംപോലും പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി വിനിയോഗിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഇയരുന്നത്.