kollam

കൊല്ലം: കൊല്ലത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ 62621 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി.പി.എം വിലയിരുത്തൽ. പോൾ ചെയ്തതിൽ നാലരലക്ഷം വോട്ടുകൾ ലഭിക്കുമെന്നും ഇന്നലെ സി.പി.എം പാർലമെന്ററി പാർട്ടിയോഗം വിലയിരുത്തി.

ചവറയിൽ 4500 വോട്ടിന് പിന്നിൽ പോകും. എന്നാൽ, മുന്നിലെത്തുന്നത് ചടയമംഗലം (15000), ചാത്തന്നൂർ (14000), ഇരവിപുരം (6000), കൊല്ലം (4500), പുനലൂർ (11000), കുണ്ടറ (12000) എന്നീ മണ്ഡലങ്ങളിലാണെന്ന് ബൂത്ത് കമ്മിറ്റികളിൽ നിന്നുള്ള കണക്ക് പ്രകാരം സി.പി.എം കരുതുന്നു.കഴിഞ്ഞ നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചതിൽ നിന്ന് അമ്പതിനായിരത്തോളം വോട്ട് ഇത്തവണ യു.ഡി.എഫിന് പോകുമെന്നാണ് മറ്റൊരു നിഗമനം. ബി.ജെ.പിക്ക് പരമാവധി 89000 വോട്ട് ലഭിക്കും.
കഴിഞ്ഞ പാർലമെന്റ് തിര‌ഞ്ഞെടുപ്പിൽ എം.എ. ബേബിക്ക് 75000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്നായിരുന്നു പാർട്ടി വിലയിരുത്തൽ. അത് തെറ്റായിരുന്നതിനാൽ കൃത്യമായ കണക്ക് നൽകണമെന്ന് ബൂത്ത് കമ്മിറ്റികൾക്ക് ഇത്തവണ കർശന നിർദ്ദേശം നൽകിയിരുന്നു. പ്രേമചന്ദ്രന് മേൽ ബി.ജെ.പി ബന്ധം ആരോപിച്ചത് ന്യൂനപക്ഷ മേഖലകളിൽ ഗുണം ചെയ്തെന്നും പാർട്ടി വിലയിരുത്തുന്നു. കൊല്ലത്തെ തിരഞ്ഞെടുപ്പ് ചുമതലക്കാരനായ മന്ത്രി തോമസ് ഐസക്കും യോഗത്തിൽ വിജയപ്രതീക്ഷ പങ്കുവച്ചു.

 ആർ.എസ്.പിയുടെ പ്രതീക്ഷ

ചാത്തന്നൂർ, കൊല്ലം, ചടയമംഗലം മണ്ഡലങ്ങളിൽ മാത്രമാണ് ആർ.എസ്.പിയുടെ വിലയിരുത്തൽ നടന്നത്. ചാത്തന്നൂരിൽ 3000 വോട്ടിനും കൊല്ലത്ത് 14000 വോട്ടിനും ലീഡ് ചെയ്യുമെന്നാണ് ആർ.എസ്.പിയുടെ വിലയിരുത്തൽ. ചടയമംഗലം മണ്ഡലം കമ്മിറ്റി യോഗം എൻ.കെ. പ്രേമചന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ചവറയടക്കമുള്ള മണ്ഡലങ്ങളിലെ വിലയിരുത്തൽ വരുംദിവസങ്ങളിൽ നടക്കും.