പുനലൂർ: പുനലൂർ പേപ്പർമില്ലിന് സമീപത്തെ കല്ലടയാറ്റിലെ പഴയ തടയണയുടെ മുകളിൽ അടുക്കിയിരുന്ന മൺ ചാക്കുകൾ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് പഴയ തടയണയ്ക്ക് മുകളിൽ അടുക്കിയിരുന്ന മൺ ചാക്കുകളാണ് ഒലിച്ചു പോയത്. കനത്ത വേനലിൽ കല്ലടയാറ്റിലെ ജലനിരപ്പ് താഴുമ്പോൾ വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് മുടങ്ങും. ഇത് കണക്കിലെടുത്ത് ആറ്റിലെ ജലനിരപ്പ് ഉയർത്താൻ പഴയ തടയണയുടെ മുകളിൽ അടുക്കിയ മൺ ചാക്കുകളാണ് ഒലിച്ച് പോയത്. എല്ലാ വർഷത്തെയും വേനലിൽ കല്ലടയാറ്റിലെ വെള്ളം തടഞ്ഞു നിറുത്താൻ പഴയ തടയണയുടെ മുകളിൽ ലക്ഷങ്ങൾ ചെലവഴിച്ച് മൺ ചാക്കുകൾ അടുക്കുന്നത് പതിവാണ്. എന്നാൽ കരിങ്കൽ കെട്ടി പഴയ തടയണയുടെ ഉയരം സ്ഥിരമായി വർദ്ധിപ്പിച്ചാൽ എല്ലാ വർഷവും പണം ചെലവഴിക്കേണ്ടി വരില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 10 വർഷമായി താൽക്കാലികമായി തടയണയുടെ ഉയരം വർദ്ധിപ്പിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കുന്നുണ്ട്.