പത്തനാപുരം: വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ പിറവന്തൂർ പഞ്ചായത്തിൽ കനത്ത നാശം. നാല് വീടുകൾ ഭാഗീകമായി തകരുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. പഞ്ചായത്തിലെ കിഴക്കേഭാഗം, ചേകം പ്രദേശങ്ങളിലാണ് കാറ്റ് താണ്ഡവമാടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ പെയ്ത മഴയ്‌ക്കൊപ്പം അഞ്ചുമിനിട്ടോളം നീണ്ടുനിന്ന വലിയ കാറ്റാണ് നാശം വിതച്ചത്.
കിഴക്കേഭാഗം ഈട്ടിവിള തെക്കേതിൽ രാജേഷിന്റെ വീട് മുറ്റത്ത് നിന്ന വലിയ മാവ് കടപുഴകി വീണ് തകർന്നു. ഈ സമയം രാജേഷിന്റെ ഭാര്യ അർച്ചനയും മക്കളും വീട്ടിൽ നിന്ന് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കൈപ്പുഴ തെക്കേതിൽ തങ്കപ്പന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. ഈട്ടിവിള വീട്ടിൽ രാജൻ, ഉദിയൻപുഴ വീട്ടിൽ ഭാസ്‌കരൻ എന്നിവരുടെ വീടിനു മുകളിലും മരം വീണു. കൈപ്പുഴ വീട്ടിൽ രവീന്ദ്രന്റെ വീട്ടുവളപ്പിൽ നിന്ന കൂറ്റൻ മരം റോഡിന് കുറുകെ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
ആവണീശ്വരം നെടുവന്നൂരിൽ നിന്ന് അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഈട്ടിവിള തെക്കേതിൽ രാജേഷിന്റെ റോഡ് വശത്ത് നിർത്തിയിട്ടിരുന്ന പിക്അപ് വാനിന് മുകളിലേക്ക് മരം വീണ് കേടുപാട് സംഭവിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശമാണ് കണക്കാക്കുന്നത്. കെ.ബി. ഗണേശ്കുമാർ എം.എൽ.എ, ഗ്രാമ പഞ്ചായത്ത് അംഗം മഞ്ചു ഡി.നായർ വില്ലേജ് അധികൃതർ തുടങ്ങിയവർ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചു.