pathanapuram

പത്തനാപുരം: കൊടിയ വരൾച്ചയിലും വെള്ളമെത്തിച്ച് നട്ടുനനച്ച് വളർത്തിയ വാഴകൾ മുഴുവനും ശക്തമായ കാറ്റിൽ നിലംപതിച്ചതോടെ കണ്ണിരിലായി ഒരു കർഷകൻ. തലവൂർ അമ്പലനിരപ്പ് റെജിമന്ദിരത്തിൽ റെജി എബ്രഹാമാണ് മൂപ്പെത്തിയ വാഴകൾ നശിച്ചതോടെ നിസഹയാവസ്ഥയിലായത്.

പാണ്ടിത്തിട്ട കാരാപ്പള്ളിക്കോണം ഏലായിൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് റെജി സ്വർണ്ണമുഖി ഇനത്തിൽപ്പെട്ട ഏത്തവാഴയാണ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് 150 വാഴകളും നിലംപൊത്തിയത്. കായ്കളുടെ വലിപ്പവും എണ്ണവും കൊണ്ട് മികച്ച വിളവുതരുന്ന വാഴയാണ് സ്വർണ്ണമുഖി. ഇവ നശിച്ചതോടെ രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് റെജിക്ക് സംഭവിച്ചത്. ഏക വരുമാന മാർഗം നിലച്ചതോടെ മികച്ച കർഷകനുളള നിരവധി പുരസ്‌കാരങ്ങൾ നേടിയ ഇദ്ദേഹം കണ്ണീരിലാണ്.