al
പുത്തൂർ ടൗണിലെ റോഡിൽ അപകടഭീഷണി ഉയർത്തുന്ന കുഴി

പുത്തൂർ : തിരക്കേറിയ പുത്തൂർ ചന്തമുക്കിലെ റോഡിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണിയാവുന്നു. ശാസ്താംകോട്ട - കൊട്ടാരക്കര റോഡും പുത്തൂർ ​-ചീരങ്കാവ് റോഡും സംഗമിക്കുന്ന പ്രദേശത്താണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഭരണിക്കാവ് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് സമീപത്തെ റോഡിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണ് അപകടം പറ്റുന്നത് നിത്യസംഭവമാണ്. മഴപെയ്താൽ അപകടസാദ്ധ്യത വർദ്ധിക്കും. വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഈ കുഴികളിലേക്കാണ് വന്നിറങ്ങുന്നത്. വെള്ളക്കെട്ടിലേക്ക് അറിയാതെ വന്നിറങ്ങുന്ന ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്. മുമ്പ് പുത്തൂർ എസ്.ഐയുടെ നേതൃത്വത്തിൽ പൊതു ജനങ്ങളെ സഹകരിപ്പിച്ച് ടൗണിലെ അപകടക്കുഴികൾ അടച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതിനെ തുടർന്ന് വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.