car
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ പുനലൂർ വാളക്കോട്ടെ കൊടും വളവിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ഉണ്ടായ ഗതാഗതക്കുരുക്ക്

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാത കടന്ന് പോകുന്ന പുനലൂരിന് സമീപത്തെ വാളക്കോട്ടിലെ കൊടും വളവിൽ അപകടം പതിയിരിക്കുന്നു. അപകട സൂചനാ ബാർഡ് സ്ഥാപിക്കാത്തത് മൂലമാണ് ഇവിടെ അപകടങ്ങൾ പെരുകുന്നത്. രണ്ട് മാസത്തിനുള്ളിൽ അര ഡസനിൽ അധികം വാഹനാപകടങ്ങൾ നടന്നിട്ടുള്ള ഇവിടെ കഴിഞ്ഞ ദിവസം വൈകിട്ട് 4ന് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പുനലൂരിൽ നിന്ന് തെന്മല വഴി കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന മാരുതി - 800 കാറും, തെന്മല ഭാഗത്ത് നിന്ന് പുനലൂരിലേക്ക് വന്ന മാരുതി സിഫ്റ്റ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. റോഡിലെ മൺ കൂനകൾ ഒഴിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങൾക്കും കാര്യമായ രീതിയിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. റോഡിലെ രണ്ട് വളവുകളിലും രൂപപ്പെട്ട കുഴികൾ വാട്ടർ അതോറിറ്റി നികത്തിയെങ്കിലും ഇവിടെ മൺ കൂനകൾ കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇത് ഒഴിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുഴി ഒഴിച്ച് കടക്കാൻ ശ്രമിക്കുന്ന വാഹനങ്ങൾ എതിർദിശയിൽ നിന്നെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് പതിവാണ്. കുഴികൾ രൂപപ്പെടുന്നതിന് മുമ്പും രണ്ട് കൊടും വളവുകൾ ഉള്ളതിനാൽ ഇവിടെ വാഹനാപകടം പതിവായിരുന്നു.

അപകട സൂചനാബോർഡ് ഇല്ല

50ൽ അധികം വാഹനാപകടങ്ങൾ നടന്നിട്ടുളള ഇവിടെ അപകട സൂചനാ ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വളവിനോട് ചേർന്ന പാതയോരത്തെ കുഴിയിൽ വാഹനങ്ങൾ മറിയാതിരിക്കാൻ ഭാഗികമായി ക്രാഷ്ബാരിയർ സ്ഥാപിച്ചെങ്കിലും ശേഷിക്കുന്ന ഭാഗം ഉപേക്ഷിച്ച നിലയിലാണ്.