കരുനാഗപ്പള്ളി: ഏറെ നാളുകൾക്ക് ശേഷം കുലശേഖരപുരം പഞ്ചായത്തിലെ മാരൂർതാഴെ പാടശേഖരം വീണ്ടും പച്ചപ്പണിയുന്നു. ഗ്രാമപഞ്ചായത്തിലെ 19, 22 വാർഡുകളിലായാണ് പാടം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ പത്ത് വർഷമായി ഇവിടെ തരിശായി കിടക്കുകയായിരുന്നു. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് വീണ്ടും കൃഷിയിറക്കുന്നത്. ടി.എസ് കനാലിൽ നിന്നുള്ള ഉപ്പുവെള്ളം പാടത്തേക്ക് കയറുന്നതിനാൽ ഇവിടെ ഒരു കൃഷിയും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. 2008ൽ നെൽകൃഷി ചെയ്തിരുന്നുവെങ്കിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറി മുഴുവൻ നെല്ലും നശിച്ചു. ഇതോടെ നിരാശരായ കർഷകർ കൃഷി ഉപേക്ഷിക്കുകയായിരുന്നു. ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനായി നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല.
2018ൽ മൈനർ ഇറിഗേഷൻ വകുപ്പ് സംസ്ഥാന സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ മുടക്കി ഇവിടെ ഷട്ടർ സ്ഥാപിച്ചു. ഇതോടെ ഉപ്പുവെള്ളം കയറുന്നതും അവസാനിച്ചു. കഴിഞ്ഞ പ്രളയസമയത്ത് ഷട്ടറുകൾ അടച്ചും പഞ്ചായത്തിലെ കാർഷിക കർമസേനയുടെ ട്രാക്ടർ 60 മണിക്കൂർ പ്രവർത്തിപ്പിച്ചും പാടം ശുദ്ധീകരിച്ചു. കൂടാതെ ആർ. രാമചന്ദ്രൻ എം.എൽ.എ, കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, വാർഡ് മെമ്പർ ഗേളി ഷൺമുഖൻ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമിതിയും അശോകൻ കുളക്കണ്ടത്തിൽ കൺവീനറായി കാർഷിക സമിതിയും രൂപീകരിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഐസക്കിന്റെ നേതൃത്വത്തിൽ നിരവധി യോഗങ്ങളും പാടത്തിന്റെ പുനരുദ്ധാരണത്തിനായി നടന്നു.
മികച്ച വിളവിനായി കിടയറ്റ പ്രവർത്തനം
നിലം ഒരുക്കുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി പ്രകാരം 125 ഓളം വരുന്ന വനിതകളുടെ നേതൃത്വത്തിൽ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും നീക്കം ചെയ്തു. കുലശേഖരപുരം കാർഷിക കർമ്മസേനയുടെ ട്രാക്ടർ ഉപയോഗിച്ച് നിലമൊരുക്കി. കൃഷിവകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ ട്രാക്ടറിൽ വിതയന്ത്രം ഘടിപ്പിച്ച് വിത്ത് 110 ദിവസം കൊണ്ട് പാകമാകുന്ന അത്യുൽപ്പാദന ശേഷിയുള്ള വിത്താണ് വിതച്ചത്. വേനൽമഴ ലഭിച്ചതുകൊണ്ട് കാലവസ്ഥയും അനുകൂലമായി.
തുണയായി അർപ്പണബോധം
20 ഏക്കറോളം വരുന്ന പാടത്തുനിന്ന് 60 ടൺ നെല്ലും 60 ടൺ വൈക്കോലുമാണ് പ്രതിക്ഷിക്കുന്നത്. സർക്കാരിന്റെ പിന്തുണയോടെ അർപ്പണ ബോധത്തോടുകൂടിയുള്ള വനിതാ കൂട്ടായ്മയും ജനപ്രതിനിധികളുടെ ഇച്ഛാശക്തിയും കാർഷിക കർമ്മ സേനയുടെ പ്രവർത്തനവുമാണ് പാടത്തിന് പുതുജീവൻ പകർന്നത്. ഓച്ചിറ ഫാർമേഴ്സ് എക്സ്റ്റൻഷൻ ഓർഗനൈസേഷന്റെ പിന്തുണയും കൂടിയായപ്പോൾ ഒരു നാട് അന്യം നിന്നുപോയ നെൽകൃഷിയിലേക്ക് തിരിച്ചുവരുകയാണ്.