പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ വനിതാ അംഗമായ ജെസിയെന്ന് വിളിക്കുന്ന ത്രേസിയാമ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പിതാവും മകനും ത്രേസിയാമ്മയുടെ ഭർത്താവ് ജോസഫ് വർഗീസിനെയും മകൾ ജിന്റു ജോസഫിനെയും ക്രൂരമായി മർദ്ദിച്ചതായി പരാതി. ഇവർ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. ആര്യങ്കാവ് ചേമ്പോട് സ്വദേശി രാജേഷ്, മകൻ രാഹുൽ എന്നിവരാണ് വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെയും മകളെയും മർദ്ദിച്ചതെന്ന് പുനലൂർ ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണത്തിന് മുമ്പ് രാജേഷും ജോസഫും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു അടുത്ത് താമസിക്കുന്ന മകനെയും കൂട്ടി രാജേഷ് വനിതാ പഞ്ചായത്ത് അംഗത്തിൻെറ വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെയും മകളെയും മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. ആര്യങ്കാവ് പഞ്ചായത്തിലെ നാലാം വാർഡിലെ അംഗമാണ് ത്രേസിയാമ്മ. രണ്ട് കൂട്ടർക്കും എതിരെ കേസ് എടുത്തതായി തെന്മല പൊലീസ് അറിയിച്ചു.