പുത്തൂർ: കല്ലടയാറിന്റെ തീരം വൻതോതിൽ ഇടിഞ്ഞു താഴുന്നു. ഇതിന് പരിഹാരമായി സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ അധികൃതർ കണ്ണടയ്ക്കുകയാണ്. ആറ്റുകടവു മുതൽ കണിച്ചുകുളത്ത് ഭാഗം വരെ വൻതോതിൽ തീരം ഇടിഞ്ഞിരിക്കുകയാണ്. പലയാളുകളുടെയും വീടുകളുടെ സമീപം വരെ ഇടിഞ്ഞു താഴ്ന്ന ഭാഗങ്ങളുമുണ്ട്. ഒരു വലിയ മഴയോ വെള്ളപ്പൊക്കമോ വന്നാൽ ഈ വീടുകളുടെ നിലനിൽപ്പും അപകടത്തിലാകും. അനധികൃത മണൽ ഖനനം നടന്നിരുന്ന പ്രദേശങ്ങളിലൊന്നാണിവിടം. ഇപ്പോഴും പല രാത്രികളിലും മണലൂറ്റ് നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആഴത്തിലുള്ള മണൽ ഖനനമാണ് തീരം ഇടിയുന്നതിന്റെ പ്രധാന കാരണം. റിവർ മാനേജ്മെന്റ് അധികൃതർ 50 ലക്ഷം രൂപ അനുവദിച്ച് ആറ്റുകടവു ഭാഗത്ത് തീരസംരക്ഷണ കരിങ്കൽ ഭിത്തി നിർമ്മിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. താഴം, ചെറു പൊയ്ക, ആറ്റുവാശ്ശേരി, താഴത്തു കുളക്കട, കുളക്കട,മണ്ണടി അന്തമൺ ഭാഗങ്ങളും വൻ തോതിൽ കരയിടിച്ചിൽ ഭീഷണി നേരിടുകയാണ്.