പത്തനാപുരം: ശനിയാഴ്ച്ച തലവൂർ മേഖലയിൽ വീശിയടിച്ച കാറ്റിൽ 2 വീടുകൾ പൂർണമായും അൻപതിലേറെ വീടുകൾ ഭാഗികമായും തകർന്നു. പാണ്ടിത്തിട്ട മണ്ണാംകോണം മീരാ ഭവനിൽ ഗീവർഗീസ് , കൊച്ചുപാറയടീൽ വീട്ടിൽ ജോസ് എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. ഇരു വീടുകളുടെയും മേൽക്കൂര കാറ്റിൽ പറന്നു പോവുകയായിരുന്നു. കാറ്റടിച്ചപ്പോൾ ഗീവർഗീസും ഭാര്യ മേരിക്കുട്ടിയും മകൾ മീരയും വീട്ടിലുണ്ടായിരുന്നു. വീടിന് പുറത്തേക്കിറങ്ങി ഓടിയതിനാൽ ഇവർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. വീടുകളിലെ ഗൃഹോപകരങ്ങൾ പൂർണമായും നശിച്ചു. വീടുകളിലെ വൈദ്യുത ബന്ധവും താറുമാറായി. മീരയുടെ പാഠപുസ്തകങ്ങൾ മുഴുവൻ മഴ നനഞ്ഞ് നശിച്ച് പോയെന്ന് പിതാവ് ഗീവർഗീസ് പറഞ്ഞു. വീടിന് ടാർപ്പാളിൻ വലിച്ചു കെട്ടിയാണ് ഇപ്പോൾ ഗീവർഗീസിന്റെ കുടുംബം കഴിഞ്ഞു കൂടുന്നത്. ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചതോടെ ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയാണ്. പാഠപുസ്തകങ്ങൾ മഴ നനഞ്ഞ് നശിച്ചതിലുള്ള വിഷമത്തിലാണ് പ്ലസ് ടു വിദ്യാർത്ഥിനിയായ മീര. സർക്കാരിൽ നിന്ന് അടിയന്തര സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വീടുകൾ തകർന്ന കുടുംബങ്ങൾ.