കുന്നത്തൂർ: കുന്നത്തൂരിൽ വീടിന്റെ അടുക്കളയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഇതു സംബന്ധിച്ച് പരാതി നൽകി. കുന്നത്തൂർ പഞ്ചായത്തിലെ മാനാമ്പുഴ പുളിമൂട്ട് വിളയിൽ ഷിബു ചെറിയാനെ(45) ഏപ്രിൽ ഒന്നിന് വൈകിട്ട് 6 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഖത്തറിൽ ജോലി ചെയ്യുന്ന ചെങ്ങന്നൂർ സ്വദേശിയായ ആശയുമായി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബു ചെറിയാന്റെ വിവാഹം നടന്നത്. ആശയുടെത് രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം ആശ ഖത്തറിലെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഷിബുവിനെ ഖത്തറിലേക്ക് ഈ മാസം തന്നെ കൊണ്ടു പോകുന്നതിനായി വിസിറ്റിംഗ് വിസയും ശരിയാക്കിയിരുന്നു. ആശ വിദേശത്തേക്ക് തിരികെ പോയതിനാൽ കുന്നത്തൂരിലെ വീട്ടിൽ ഷിബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മാർച്ച് 31 ന് രാത്രി സഹോദരിയുമായി ഫോണിൽ സംസാരിക്കവേ പത്ത് മണിയോടെ രണ്ടു പേർ തന്നെ കാണാനെത്തുമെന്ന് പറഞ്ഞ് ഷിബു ഫോൺ കട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് സഹോദരിമാരും ബന്ധുക്കളും നിരന്തരം വിളിച്ചിട്ടും ഫോൺ എടുത്തില്ലത്രേ. ഇതിനെ തുടർന്ന് പിറ്റേ ദിവസം സമീപത്തുള്ള ബന്ധുക്കളെ ഇവർ വിവരമറിയിച്ചു. വൈകിട്ട് ആറോടെ ബന്ധുക്കൾ വീട്ടുമുറ്റത്തെത്തി വിളിച്ചിട്ടും ഷിബു കതക് തുറന്നില്ല. സംശയം തോന്നിയ ഇവർ അടുക്കളയിലെ വെന്റിലേഷനിലൂടെ നോക്കിയപ്പോഴാണ് ഷിബു തറയിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട പൊലീസ് സ്ഥത്തെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നെങ്കിലും രാത്രിയായതിനാൽ മൃതദേഹം മാറ്റാൻ കഴിഞ്ഞില്ല. തുടർന്ന് വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയ ശേഷം ഏപ്രിൽ രണ്ടിന് രാവിലെ ഒൻപതോടെ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലും ശരീരം വികൃതമായ അവസ്ഥയിലുമായിരുന്നു. കൈയിൽ ധരിച്ചിരുന്ന വിവാഹമോതിരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ മോഷണമല്ല സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. ആസൂത്രിതമായി ഷിബുവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആക്ഷൻ കൗൺസിലിന്റെ പരാതിയിൽ പറയുന്നു.