തൊടിയൂർ : നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കോട്ടവീട്ടിൽമുക്ക് എസ്.എൻ.വി എൽ.പി.എസ് ജംഗ്ഷൻ റോഡ് അടുത്തിടെ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയെങ്കിലും റോഡിന്റെ വശങ്ങൾ ഏറെ താഴ്ന്ന് കിടക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഒന്നര കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് നല്ല നിലയിൽ ടാർ ചെയ്തപ്പോൾ ഉയരുകയും വശങ്ങൾ താഴുകയും ചെയ്തതാണ് പ്രശ്നമായത്.
റോഡിന്റെ ഇരുവശങ്ങളും ഏറെ താഴ്ന്നു കിടക്കുന്നതിനാൽ എതിരേ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാനായി വശങ്ങളിലേക്ക് ഇറക്കുന്ന വാഹനങ്ങൾ തിരികെ റോഡിലേക്ക് കയറ്റാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ. ഇപ്രകാരം വാഹനങ്ങൾ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോൾ റോഡിന്റെ വശങ്ങൾ തകരുകയും ചെയ്യുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാൻ വശങ്ങൾ കോൺക്രീറ്റ് ചെയ്തോ ടൈൽസ് പാകിയോ നിരപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.