കൊട്ടിയം: രാജ്യത്തെ എല്ലാ കുഴപ്പങ്ങൾക്കും കാരണം മതന്യൂനപക്ഷമാണെന്ന ഭ്രാന്ത് ഇളക്കിവിടാൻ രാജ്യത്ത് അധികാരം കൈയ്യാളുന്നവർ പരിശ്രമിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. തഴുത്തല ഖാദിസിയ്യയുടെ സിൽവർ ജൂബിലി ആഘാഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതചിന്തകളെ വർഗീയമായും തീപ്രവാദപരമായും വ്യാഖാനിച്ച് മനുഷ്യമനസിൽ സ്പർദ്ധയും വിരോധവും സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ഇന്ന് നടക്കുന്നത്. മതബോധനങ്ങളെ ആധുനിക വിദ്യാദ്യാസവുമായി സമന്വയിപ്പിച്ച് മുസ്ലിം സമുദായത്തെ വിദ്യാഭ്യാസപരമായി മുന്നോക്കം കൊണ്ടുവരുന്നതിൽ വലിയ ഇടപെടലുകളാണ് ഖാദിസിയ്യ നടത്തുന്നത്. മുസ്ലീങ്ങളുടെ വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാ വസ്ഥയെ അതിവേഗത്തിൽ മറികടക്കുവാൻ ഖാദിസിയ്യയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണവും സനദ് ദാനവും നടത്തി. മതവിദ്യാഭ്യാസം ഇല്ലാത്ത ഭൗതികം ആപത്ത് മാത്രമേ വരുത്തുകയുള്ളുവെന്നും തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമാധാനം കൈവരിക്കാൻ കഴിയൂ എന്നും കാന്തപുരം പറഞ്ഞു. സയ്യിദ് ഇബ്രാഹിം ഖലിൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. ശൈഖുനാ ഹൈദ്രൂസ് മുസ്ലിയാർ സനദ് ദാന പ്രഭാഷണം നടത്തി. കുറ്റൂർ അബ്ദു റഹുമാൻ ഹാജി, ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, എം. നൗഷാദ് എം.എൽ.എ, കെ.എൻ. ബാലഗോപാൽ, പേരോട് അബ്ദുറഹുമാൻ സഖാഫി, എച്ച്.ഇ. സുദീൻ കാമിൽ സഖാഫി, സയ്യിദ് അലി ബാഫക്കി തങ്ങൾ, ഡോ. ഫാറൂഖ് നഈമി, റാശിദ് ഖുഖാരി, യൂസുഫ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.