concrete
റെയിൽവേ മേല്പാലത്തിന് അടിയിൽ മരത്തടികളും നിർമ്മാണ അവശിഷ്ടങ്ങളും കുന്നുകൂട്ടിയ നിലയിൽ

കൊല്ലം: എസ്.പി ഓഫീസ് റെയിൽവേ മേല്പാലത്തിന്റെ താഴ്ഭാഗം പൊതുമരാമത്ത് അധികൃതർ തന്നെ ചണ്ടി ഡിപ്പോയാക്കി മാറ്റുന്നു. വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പൊളിച്ചുനീക്കിയ പാറയും മെറ്റലും അടക്കമുള്ള അവശിഷ്ടങ്ങളും പലയിടങ്ങളിൽ നിന്നായി മുറിച്ചുമാറ്റിയ വൃക്ഷങ്ങളും മരക്കുറ്റികളും ഇവിടെ കുന്നുകൂട്ടുകയാണ്. ഇത് മറയാക്കി വാഹനങ്ങളിലെത്തി ഇവിടേക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവാകുന്നു.

 പാർക്കിംഗിന് ഇടമില്ല

കന്റോൺമെന്റ് മൈതാനത്ത് നടക്കുന്ന സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത് മേല്പാലത്തിന്റെ തൂണുകൾക്കിടിയിലെ ഒഴിഞ്ഞ സ്ഥലത്താണ്. ഇവിടെയാകെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മരക്കുറ്റികളും കൈയേറിയതോടെ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാത്ത അവസ്ഥയാണ്. വാഹനങ്ങൾ റോഡിലേക്ക് പാർക്ക് ചെയ്യുന്നതോടെ ഇവിടെ ഗതാഗത കുരുക്ക് രൂപപ്പെടുമെന്ന കാര്യവും ഉറപ്പാണ്.

മേല്പാലത്തിന് അടിയിലാണ് നഗരസഭയുടെ നിയന്ത്രണത്തിലുള്ള നെഹ്റു, ടി.കെ. ദിവാകരൻ പാർക്കുകൾ. നവീകരണം പൂർത്തിയായ ഈ പാർക്കുകളിൽ ശുദ്ധവായു അന്യമാകുന്ന തരത്തിലാണ് തൊട്ടുചേർന്ന് മാലിന്യക്കൂനകൾ ഉയരുന്നത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാർക്കിംഗ് കേന്ദ്രം സജ്ജമാക്കാൻ നഗരസഭ ആവശ്യപ്പെട്ടെങ്കിലും വിട്ടുനൽകിയില്ല. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനാകാത്ത വിധം ഇവിടെ മാലിന്യം കുന്നുകൂടിയിട്ടും റവന്യൂ അധികൃതർ തിരിഞ്ഞുനോക്കുന്നുമില്ല.

'പാർക്കിന് പിൻഭാഗത്തും ദേശീയപാതയോട് ചേർന്നുള്ളതുമായ സ്ഥലവും പ്രയോജനപ്പെടുത്തി പാർക്കിംഗ് കേന്ദ്രം സജ്ജമാക്കാൻ നഗരസഭ ആലോചിച്ചിരുന്നതാണ്. പക്ഷെ സ്ഥലം വിട്ടുകിട്ടിയില്ല. ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഇവിടെ നിക്ഷേപിച്ചിരിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളും മരത്തടികളും എത്രയും വേഗം നീക്കം ചെയ്യാൻ പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെടും.'

വി.എസ്. പ്രിയദർശൻ (നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ)