road
പെരുമൺ അരയാലുംമൂട് ജംഗ്ഷൻ

അഞ്ചാലുംമൂട്: പെരുമൺ ക്ഷേത്രത്തിന് സമീപം അരയാലുംമൂട് ജംഗ്ഷനിലെ റോഡിന്റെ വളവ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. റോഡിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ആൽത്തറയും, ക്ഷേത്ര വഞ്ചിയും, റോഡിന്റെ വശത്തെ കട്ടിംഗും ചരിവും ഇവിടെ അപകട സാധ്യത വർദ്ധിപ്പിക്കുകയാണ്.

അരയാലുംമൂട് ജംഗ്ഷനിൽ ആൽത്തറയ്ക്കും കാണിക്കവഞ്ചിയ്ക്കും ഇരുവശങ്ങളിലൂടെ റോഡുകൾ കടന്നു പോകുന്നുണ്ട്. രണ്ട് വശങ്ങളിൽ നിന്നായി കടന്നു വരുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തിയാൽ മാത്രമേ കാണാൻ സാധിക്കൂ എന്ന സ്ഥിതിയാണ്. പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ് ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്. വർഷങ്ങൾക്ക് മുമ്പ് വളവ് ശ്രദ്ധിക്കാതെ വന്ന ബൈക്ക് യാത്രികൻ തൊട്ടടുത്ത പുരയിടത്തിലെ മരത്തിൽ ഇടിച്ച് മരണപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്.

മുന്നറിയിപ്പ് നൽകുന്നതിനായി അപായ സിഗ്നലുകളോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ വാഹന യാത്രികർ അശ്രദ്ധമായാണ് ഇതുവഴി പോകുന്നത്. ജങ്കാറിൽ യാത്ര ചെയ്യുന്നതിനായി ടൂവീലറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിതവേഗതയിൽ ചീറിപ്പാഞ്ഞ് പോകുന്നതിനാൽ അപകട സാധ്യത ദിനം പ്രതി ഉയരുകയാണ്.

അപകട സാധ്യത വർദ്ധിക്കുന്ന സാഹചര്യത്തിൽ ജംഗ്ഷനിലെ ആൽത്തറയ്ക്ക് ഇരുവശങ്ങളിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അപായ സിഗ്നലുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.