പത്തനാപുരം: നിയന്ത്രണംവിട്ട സിമന്റ് ലോറി കടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്ക്. പിറവന്തൂർ മംഗലശ്ശേരിയിൽ ജഗദീശനാണ് ( 56 ) പരിക്കേറ്റത്. പിറവന്തൂർ ഗുരുമന്ദിരത്തിന് സമീപത്ത് ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം.
പത്തനാപുരത്തു നിന്ന് പുനലൂരിലേക്ക് സിമന്റുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്.
പ്രഭാത സവാരിക്കിറങ്ങിയ ജഗദീശന് ലോറി വരുന്നത് കണ്ട് ഓടിമാറുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. വാഹനം സമീപത്തുണ്ടായിരുന്ന രണ്ട് വൈദ്യുതി പോസ്റ്റുകളും ഇടിച്ചുതകർത്തശേഷം കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പുനലൂർ ഭാഗത്തേക്ക് ജനങ്ങൾ ബസ് കാത്തുനിൽക്കുന്ന സ്ഥലത്തായിരുന്നു അപകടം. പുലർച്ചെ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പുനലൂർ പൊലീസ് കേസെടുത്തു.